Blog

മാറ്റങ്ങളുടെ പ്രണയകാലം



Saturday, 4th Apr, 2020

ഒരു ശിലയുടെ ഉള്ളിലെ സൗന്ദര്യം നാം ആസ്വദിക്കുക അത് ശില്‍പ്പമായി പുറത്തു വരുമ്പോഴാണ് .ഓരോ മനുഷ്യനും അവനവനെത്തന്നെയും മറ്റുള്ളവയേയും ഇഷ്ടത്തോടെ കാണാന്‍ ശ്രമിക്കുന്നത് പ്രണയം എന്ന വികാരം ഉള്ളില്‍ നിന്നും കടഞ്ഞെടുക്കുമ്പോള്‍ ആണ്. ചുരുക്കത്തില്‍ പ്രണയമാണ് ഒരു ജീവിതത്തിന്റെ വസന്തകാലം എന്ന് പറയാം.പ്രണയകാലം അതിന്റെ മാന്ത്രികത കൊണ്ട് പലരെയും അവരറിയാതെ തന്നെ തനിക്കു പോകാവുന്നതിലും അപ്പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യും.

പ്രണയത്തില്‍ പങ്കുവയ്ക്കലുകളാണ് അധികവും.ആ ലോകത്തെ സുന്ദരവും സന്തോഷമുള്ളതും ആക്കി കൂടെക്കൂടെ ചേര്‍ത്തുപിടിക്കുവാന്‍ രണ്ടുപേര്‍ മത്സരിച്ചു ശ്രമിച്ചുകൊണ്ടിരിക്കുന്നു.പ്രണയത്തില്‍ എന്ത് തടസ്സങ്ങളെയും ചാടിക്കടക്കാന്‍ നിഷ്പ്രയാസം അവര്‍ വഴികള്‍ കണ്ടെത്തും.'എതു പൂച്ചയെയും കലമുടക്കാന്‍ പാകത്തിന് ആക്കി തീര്‍ക്കുന്ന മന്ത്രവാദിയാണ് പ്രണയം'. സ്വയം അത് പലരെയും അത്ഭുതപ്പെടുത്തുകയും മറ്റുള്ളവരെക്കൊണ്ട് വാപൊളിപ്പിക്കുകയും മൂക്കത്ത് വിരല്‍ വെപ്പിക്കുകയും ചെയ്യും .

എത്ര മിണ്ടിയാലും തീരാത്ത അത്രയും വര്‍ത്തമാനവും ഇഷ്ടങ്ങളും നനുത്ത വാക്കുകള്‍ കൊണ്ട് അമ്മാനമാടി രസിച്ചവര്‍ ജീവിതത്തിന്റെ മറ്റൊരു വാതിലിലൂടെ കൈകോര്‍ത്തു തൊട്ടുരുമ്മി വലതുകാല്‍ വച്ച് കയറുമ്പോള്‍ കുറച്ചു ദൂരം അനായാസേന ചിരിച്ചും കളിച്ചും ആസ്വദിച്ചും പറന്നു നടക്കുന്നു .പിന്നീട് എപ്പോഴോ മറ്റുപലരുടെയും ജീവിതം നോക്കി അമര്‍ത്തിക്കെട്ടിപ്പിടിച്ച് 'നമ്മള്‍ ഇതുപോലെയൊന്നും ആകില്ലെന്ന്' ആവര്‍ത്തിച്ചു പറഞ്ഞെതെല്ലാം പൊട്ടിത്തൂളി പോകുന്നത് നോക്കി നില്‍ക്കേണ്ടി വരികയും ചെയ്യും. എന്നിട്ട് 'പറ', പിന്നെ 'വേറെന്താക്കെ' എന്നൊക്കെ കൂട്ടിക്കൂട്ടി ചോദിച്ച്, അവസാനിക്കാതെ മിണ്ടിയിരുന്ന പ്രണയത്തിന്റെ ആകാശങ്ങള്‍ ഏതോ ദ്വീപെന്നപോലെ ചുരുങ്ങിപ്പോയതെപ്പോഴെന്ന് അറിയാതെ കണ്ണ് മിഴിച്ചും മൂക്ക് ചുവപ്പിച്ചും ഒച്ച ഇടര്‍ന്നും നോക്കി നില്ക്കും.

പുകഴ്ത്തിയതിനെ എല്ലാം മാറ്റിപ്പറയുകയും അന്നത്തെത് പോലെ ഇന്നില്ലല്ലോ എന്ന ആവലാതികള്‍ കൊണ്ട് പരസ്പരം പുളിവാറല്‍ വീശുകയും ചെയ്യുമ്പോള്‍ പ്രണയത്തിന്റെ സുന്ദര രൂപത്തിന് പതിയെപ്പതിയെ മാറ്റം വന്നു മറ്റൊന്നായി മാറുന്നു. ചിലത് വീണ്ടും അതിന്റെ ഉന്മാദങ്ങളിലേയ്ക്ക് കാറ്റിനെതിരെ തുഴഞ്ഞു കയറി പണ്ടത്തെതിനേക്കാള്‍ ഉണര്‍വ്വോടെ ചിരിച്ചു നില്‍ക്കും.

ജീവിത യാത്രയ്ക്കിടയില്‍ പ്രണയത്തെ കുടഞ്ഞു കളയുകയോ മറന്നു വയ്ക്കുകയോ ചെയ്യുന്നതില്‍ പലപ്പോഴും ഭീരുത്വമാണോ നിസ്സഹായതയാണോ മുന്നിട്ടു നില്‍ക്കുന്നത് എന്നത് പലപ്പോഴും നമുക്ക് പിടിതരാത്ത മീനായി വഴുതിക്കൊണ്ടിരിക്കും.ആവര്‍ത്തിച്ചു സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചാലും പ്രണയത്തിലെ ആത്മാര്‍ഥത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും .

കണ്ണും മൂക്കും ഒന്നും ഇല്ലാത്ത പ്രണയങ്ങളില്‍ നിന്നും ഇന്ന് കൃത്യമായി പ്ലാനോടെ പ്രണയിക്കുന്ന ജോഡികള്‍ വരെ എത്തി നില്‍ക്കുകയാണ്. ജാതിയും മതവും ജോലിയും പണവും എല്ലാം നോക്കി രണ്ടു കുടുംബത്തിന്റെയും പരാതികളോ കണ്ണുരുട്ടലുകളോ ഇല്ലാതെ വളരെ സിമ്പിള്‍ ആയി അവര്‍ പ്രണയത്തെ ജീവിതത്തിലേക്ക് പറിച്ചു നടുന്നു. വളരെ പ്രാക്റ്റിക്കലായി പ്രണയത്തെ നോക്കി കാണുന്നവര്‍ എന്ന ലേബല്‍ അവര്‍ക്ക് പതിച്ചു കിട്ടുകയും ചെയ്യും .എത്രയെത്ര പുതിയ മാനങ്ങള്‍ ഇനിയും പ്രണയത്തിന്റെ നിഘണ്ടുവില്‍ എഴുതിച്ചേര്‍ക്കാനിരിക്കുന്നു .

വൃദ്ധനെ പഴയ വികൃതിയാക്കുവാനും തളര്‍ന്നു കിടക്കുന്നവനെ ചിറകുകള്‍ ഉണ്ടെന്നു തോന്നിപ്പിക്കുവാനും ഈ പ്രണയം എന്നതൊന്നു മതി. ഒരേസമയം പുതുക്കപ്പെടുകയും എന്നാല്‍ ഏറ്റവും പഴക്കമുള്ളതുമായ പ്രണയത്തിനു നമ്മുടെ ഭാഷകളോ വിവര്‍ത്തനങ്ങളോ പോരാതെ വരുന്നു.

Back to Blog