Blog

വിവാഹം കഴിക്കുന്നെങ്കില്‍ ബെസ്റ്റ് ഫ്രണ്ടിനെ ആയിരിക്കണം എന്ന് അനു ഇമ്മാനുവേല്‍



Thursday, 4th Jun, 2020

സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് അനു ഇമ്മാനുവേല്‍. സ്വപ്‌ന സഞ്ചാരി എന്ന ജയാറം ചിത്രത്തിലാണ് അനു ആദ്യമായി അഭിനയിക്കുന്നത്. ശേഷം 2016 ല്‍ നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവിലൂടെ അനു തിരിച്ച് വന്നു.

എന്നാല്‍ തെലുങ്ക് സിനിമയിലേക്ക് കൂടി ചേക്കേറിയതോടെയാണ് അനു ഇമ്മാനുവേലിന്റെ കരിയര്‍ മാറി മറിഞ്ഞത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതുവരെ ഉണ്ടായിരുന്ന സിനിമാ ജീവിതത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.


ഇഷ്ടമുള്ള കാര്യം കരിയറാക്കാന്‍ പറ്റി എന്ന സന്തോഷമാണ് എനിക്ക് സിനിമ. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ സൈക്കോളജിസ്റ്റായേനെ. പക്ഷേ എനിക്ക് ഒന്നാമത്തെ ഇഷ്ടം തന്നെ സ്വന്തമാക്കാന്‍ അവസരം കിട്ടി. അത് കൊണ്ട് സിനിമയിലെത്തിയതിന് ശേഷം മറ്റൊന്നിലേക്കും തിരിയണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. യുഎസിലാണ് ജനിച്ച് വളര്‍ന്നത്. സിനിമയ്ക്ക് വേണ്ടിയാണ് നാട്ടിലേക്ക് വന്നത്. തമിഴ്, തെലുങ്ക്, ഭാഷകള്‍ പഠിച്ചതൊക്കെയും ആ ലക്ഷ്യത്തിന് വേണ്ടിയാണ്. അല്‍പം റിസ്‌ക് എന്ന് കരുതാവുന്ന തീരുമാനമായിരുന്നു അത്. പക്ഷേ അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വലിയ കുറ്റബോധംതോന്നിയേനെ. ആ തീരുമാനമാണ് എന്റെ ജീവിതം മാറ്റിയത്.


സിനിമയില്‍ വന്നിട്ട് വലിയ മാറ്റങ്ങളൊന്നുമില്ല. തൊട്ടാവാടി സ്വഭാവമൊക്കെ മാറി. പൂര്‍ണമായും സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിച്ചു. തനിച്ചാണ് താമസിക്കുന്നത് പോലും. സിനിമയില്‍ എത്തിയതോടെ പ്രായത്തിനെക്കാള്‍ പക്വതയോടെ ജീവിക്കാന്‍ പഠിച്ചു. താന്‍ ജീവിതത്തില്‍ ഏറ്റവും വിശ്വസിക്കുന്നത് ഏറ്റവും അടുത്ത സുഹൃത്തായ അമ്മയെ തന്നെയാണെന്നാണ് അനു പറയുന്നത്. എത്ര ദൂരെയാണെങ്കിലും ഞങ്ങള്‍ തമ്മില്‍ എല്ലാ ദിവസവും സംസാരിക്കും. അമ്മയാണ് എന്റെ ജീവന്‍.


മലയാളത്തില്‍ നല്ലൊരു സിനിമയും ടീമും വന്നാല്‍ തീര്‍ച്ചയായും എത്രയും വേഗം തന്നെ അതുണ്ടാകും. ഞാനും കാത്തിരിക്കുകയാണ്. വളരെ എക്‌സൈറ്റിങ് ആയൊരു സിനിമയുടെ ഒരുക്കത്തിലാണ്. പക്ഷേ ഇപ്പോള്‍ അതേ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ല. നാഗചൈതന്യ, നാഗര്‍ജുന, വിജയ് ദേവര്‍കൊണ്ട, അല്ലു അര്‍ജുന്‍ തുടങ്ങി ഒപ്പം അഭിനയിച്ച നായകന്മാരെ കുറിച്ചും അനു ഇമ്മാനുവേല്‍ സംസാരിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഒരുപാട് ആരാധിക്കുന്ന നായകന്മാരാണ് ഇവരൊക്കെ.

അവരെല്ലാം മികച്ച അഭിനേതാക്കളും നല്ല സഹപ്രവര്‍ത്തകരുമായിരുന്നു. സിനിമയെന്നാല്‍ നായകനും നായികയും മാത്രമല്ല. അഭിനേതക്കാളുടെയും ടെക്‌നീഷ്യന്‍സിന്റെയും ഒരു ടീം വര്‍ക്ക് ആണ്. ഇതുവരെ ഏറ്റവും മികച്ച ടീമുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നത് എന്റെ ഭാഗ്യമാണ്.


എന്നെ സംബന്ധിച്ചും വിവാഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തിരഞ്ഞെടു ക്കുന്നത് ലൈഫ് പാര്‍ട്‌നറെ ആകുമ്പോള്‍ അത്യാവശ്യം സമയമെടുത്ത് തന്നെ ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്. വിവാഹ കാര്യത്തില്‍ ആരെങ്കിലും ഉപദേശം എന്നോട് ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളു. നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കൂ എന്നാണെന്നും അനു പറയുന്നു.

Back to Blog