Blog

വിവാഹം മാനസിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണോ?



Thursday, 4th Jun, 2020

മാനസിക പ്രശ്നങ്ങള്‍, ബുദ്ധിയില്‍ പിന്നോക്കാവസ്ഥ തുടങ്ങി പല പ്രശ്നങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി മന:ശാസ്ത്രജ്ഞരെ സമീപിക്കുന്ന മിക്ക ആളുകളുടെയും ഒപ്പം വരുന്ന മാതാപിതാക്കളോ സഹോദരങ്ങളോ ഏറ്റവും ആദ്യം ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്.

രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുമ്പോള്‍ എത്രത്തോളം ഈ അവസ്ഥ ഭേദമാക്കിയെടുക്കാം അല്ലെങ്കില്‍ അതിനായി എന്തെല്ലാം വ്യത്യാസങ്ങളാണ് വരുത്തേണ്ടത് എന്നതിനെപ്പറ്റിയൊക്കെ ചോദിക്കും മുന്‍പ് വരാറുള്ള ചോദ്യമാണ് “അവന്/ അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ?”ഈ സമയം വിവാഹത്തേക്കാള്‍ പ്രധാനം മാനസിക പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതാണെന്ന് വളരെ പറഞ്ഞു മനസ്സിലാക്കിയതിന് ശേഷവും കുറച്ചുപേരെങ്കിലും ഒന്നുകൂടെ ചോദിക്കും- വിവാഹം കഴിക്കുന്നതിന് ഈ പ്രശ്നങ്ങളൊന്നും തടസ്സമാവില്ലല്ലോ അല്ലേ?. ശരിയാണ്, മാതാപിതാക്കള്‍ക്ക് മക്കളെപ്പറ്റി വലിയ ആധിയുണ്ട്, പ്രതീക്ഷകള്‍ ഉണ്ട്. പക്ഷേ മക്കള്‍ നേരിടുന്ന പ്രശ്നങ്ങളും, ഒരു സാധാരണ ജീവിതം നയിക്കാന്‍, ഒരു കുടുംബത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ പോന്ന മാനസിക സ്ഥിതിയില്‍ ആണോ അവര്‍ ഇപ്പോള്‍ എന്നെല്ലാം ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്.

മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ധാരാളം ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഇന്നു ലഭ്യമാണ്. അതിനായി പരിശീലനം നേടിയവരാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും. പണ്ടു കാലം മുതല്‍ കേട്ടു വരുന്ന ഒരു കാര്യമാണ് വിവാഹം എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ആണെന്ന്. മാനസിക പ്രശ്നങ്ങളുടെ കാര്യത്തിലും അത് ശരിയാണ് എന്നു വാദിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്.

പല മാതാപിതാക്കളും സമൂഹത്തിന്‍റെ സമ്മര്‍ദ്ദം മൂലം മക്കളെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിതരാവാറുണ്ട്. തനിക്ക് ആ വ്യക്തിയെ ജീവിതപങ്കാളിയായി സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നു മക്കള്‍ പറയുമ്പോഴും പ്രായം കടന്നുപോകുന്നു അല്ലെങ്കില്‍ ബന്ധുക്കള്‍ വിവാഹം വൈകിക്കുന്നതില്‍ കുറ്റപ്പെടുത്തുന്നു എന്നെല്ലാമുള്ള കാരണത്താല്‍ മക്കള്‍ക്ക്‌ ഇഷ്ടമില്ലാത്ത വിവാഹത്തിന് അവരെ പ്രേരിപ്പിക്കുന്ന മാതാപിതാക്കളും ഉണ്ട്.

വിവാഹശേഷം പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ നീ എല്ലാം ക്ഷമിച്ചും സഹിച്ചും നില്‍ക്ക്, അല്ലെങ്കില്‍ മക്കളുടെ കാര്യങ്ങളും ഭര്‍ത്താവിന്‍റെ ഇഷ്ടങ്ങളുമാണ് നിന്‍റെ ജീവിതത്തില്‍ ഏറ്റവും പ്രധാനം, അതിനപ്പുറം നിനക്കു മറ്റു സ്വപ്‌നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ പാടില്ല എന്നാവും പറഞ്ഞുകൊടുക്കുക.

ഒരു കുഞ്ഞില്ലാത്തതാണ് നിങ്ങളുടെ പ്രശ്നം, കുഞ്ഞു ജനിക്കുന്നതോടെ അനാവശ്യ വഴക്കുകള്‍ക്കുള്ള സാഹചര്യം ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞു കൊടുക്കുമ്പോള്‍ പലപ്പോഴും കുഞ്ഞു ജനിച്ച് ആ കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റാതെ കലഹങ്ങള്‍ നിറഞ്ഞ ഒരു കുടുംബാന്തരീക്ഷത്തിലാവും ആ കുട്ടി വളരേണ്ടി വരിക.

വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുന്ന മക്കളുടെ ജീവിതത്തെപ്പറ്റി തീര്‍ച്ചയായും മാതാപിതാക്കള്‍ക്ക് ആധിയുണ്ടാവും. പക്ഷേ ഗാര്‍ഹിക പീഡനം, സംശയരോഗം എന്നിവ ഉണ്ടെന്ന് മനസ്സിലാക്കിയ സാഹചര്യത്തില്‍ പോലും എങ്ങനെയും പരസ്പരം ഒത്തുപോകാന്‍ ശ്രമിക്കൂ എന്നുള്ള നിര്‍ബന്ധം മറ്റിവയ്ക്കാന്‍ തയ്യാറാവണം.

കുട്ടികളുടെ ഭാവി, സമൂഹത്തിന്‍റെ മുന്നില്‍ അപമാനിതരാവും എന്നിവയൊക്കെയാണ് കാരണമെങ്കിലും അവളുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാം എന്ന അവസ്ഥ നിലനിൽക്കുന്നു എങ്കില്‍ വീണ്ടും സഹിച്ചു ജീവിക്കാന്‍ നിര്‍ബന്ധിക്കണോ?
വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍ വിഷാദരോഗം, ആത്മഹത്യാപ്രവണത എന്നിവയ്ക്ക് കാരണമാകുമ്പോഴും വഴക്കുകള്‍ ഒക്കെ എല്ലാ വീടുകളിലും പതിവുള്ളതല്ലേ എന്ന മട്ടില്‍ നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല.

മദ്യത്തിന്‍റെ അമിത ഉപയോഗം, ക്രിമിനല്‍ സ്വഭാവം, സംശയരോഗം എന്നിവ പങ്കാളിയെ കൊലപ്പെടുത്തുന്ന അവസ്ഥ വരെ സൃഷ്ടിക്കുന്നു. വിവാഹമോചനം പ്രോത്സാഹിപ്പിക്കണം എന്നല്ല. പക്ഷേ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ അതിന്‍റെ കാരണങ്ങള്‍ എന്തെന്നും പരിഹാരം ഉണ്ടോ എന്നും അന്വേഷിക്കാന്‍ തയ്യാറാവണം.

വിവാഹം കഴിച്ചാല്‍ ഒരുമിച്ചു ജീവിക്കുക, എന്തു മോശം അവസ്ഥ ഉണ്ടായാലും സഹിക്കുക എന്നതിനപ്പുറം ആ വ്യക്തികളുടെ മാനസിക നില എന്താണെന്നും രോഗാവസ്ഥ ഉണ്ടെങ്കില്‍ എങ്ങനെ പരിഹരിക്കാം എന്നുകൂടി ചിന്തിച്ചാല്‍ മാത്രമേ നല്ലൊരു കുടുംബാന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുള്ളൂ.

വിവാഹത്തിന് മുന്‍പ് പല വിഭാഗങ്ങള്‍ക്കിടയിലും ഉണ്ടെങ്കിലും മാനസിക പ്രശ്നങ്ങള്‍ വിവാഹിതരാവാന്‍ പോകുന്ന വ്യക്തികളില്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പലപ്പോഴും കഴിയുന്നുണ്ടോ എന്നു സംശയമാണ്. യോഗ്യരായ മന:ശാസ്ത്രജ്ഞരുടെ സേവനം ഉറപ്പക്കുന്നതിലൂടെ മാത്രമേ അതു സാധ്യമാകൂ.

മാനസിക പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍ എന്നിവ വരുന്നത് ഒരു തെറ്റൊന്നുമല്ല. അവ സ്ട്രെസ്സ് ഉണ്ടാകുമ്പോള്‍ ഏതു മനുഷ്യനും വന്നു ചേരാന്‍ സാധ്യതയുള്ളവയാണ്. എന്നാല്‍ ഉള്ള പ്രശ്നങ്ങള്‍ ഇല്ല എന്നു ഭാവിക്കുന്നതും മറ്റുള്ളവര്‍ അറിയാതെ മറച്ചു വയ്ക്കുവാന്‍ നീണ്ടകാലം ശ്രമങ്ങള്‍ നടത്തുന്നതും വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയല്ലേ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്?.

Back to Blog