Blog

ടാഗോറിന്‍റെ ജീവിതത്തിലെ രഹസ്യ പ്രണയം



Tuesday, 19th May, 2020

രബീന്ദ്ര നാഥ ടാഗോറിന്റെ വൈവാഹിക ജീവിതത്തിൽ ഒരു പ്രണയത്തിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്ന ചോദ്യം ഏറെക്കാലമായി സാഹിത്യ കുതുകികൾക്കിടയിൽ സജീവമാണ്. അതിന്റെ തെളിവുകൾ അവർ തിരയുന്നതോ, അദ്ദേഹം അവസാനകാലത്ത് എഴുതിയ ശേഷേർ കൊബിത എന്ന പ്രണയ നോവലിലും.

ശേഷേർ കൊബിതയിൽ വിവാഹാലോചന പുരോഗമിക്കെ, 'കേതകി' എന്ന സുഹൃത്തിനോട് കഥാനായകൻ 'അമിത്', 'ലാബണ്യ' എന്ന പെൺകുട്ടിയുമായുള്ള തന്റെ പൂർവകാലപ്രണയത്തെപ്പറ്റി വിവരിക്കുന്ന ഒരു രംഗമുണ്ട്. " നമ്മുടെ പ്രണയം ഈ മൺകുടത്തിൽ ജലം പോലെയാണ്. ഞാനത് ദിവസവും രാവിലെ നിറച്ചുവെക്കുന്നു. പകൽ മുഴുവൻ എടുത്തുകുടിക്കാൻ അത് ധാരാളമാണ്. പക്ഷേ, ലാബണ്യയുടെ പ്രണയം തടാകത്തിലെ ജലം പോലെയാണ്. അതിനുള്ളിലേക്ക് മുങ്ങാങ്കുഴിയിട്ടുചെന്നുകൊണ്ട് എന്റെ മനസ്സിനെ മൊത്തമായി അതിൽ ആഴ്ത്തി നിർത്താം. അതിനുമൊരു കുഴപ്പമുണ്ട്, തടാകത്തിലെ ജലത്തിനെ നമുക്ക് വീട്ടിനുള്ളിലേക്ക് കൊണ്ടുവരാനാകില്ലല്ലോ.. "

നോവലിലെ 'അമിത്' എന്ന കഥാപാത്രം ഏറെക്കുറെ ടാഗോർ ആത്മകഥാപരമായിട്ടാണ് നിർമ്മിച്ചെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രണയത്തിന്റെ വിവരണത്തിലും അദ്ദേഹത്തിന്റെ ജീവിതാംശം ഇല്ലാതിരിക്കാൻ വഴിയില്ല. ടാഗോറിന്റെ ജീവിതത്തിൽ അങ്ങനെ രണ്ടു പ്രണയങ്ങളുണ്ടായിരുന്നോ..? ടാഗോർ എസ്റ്റേറ്റിലെ ഒരു ജീവനക്കാരന്റെ മകളായ മൃണാളിനി ദേവിയുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ആയുഷ്കാലം പരിക്കൊന്നുമേൽക്കാതെ തുടർന്ന ആ ദാമ്പത്യത്തിൽ അദ്ദേഹത്തിന് അഞ്ചുമക്കളും ജനിക്കുകയുണ്ടായി. ഒരു പക്ഷേ, ശേഷേർ കൊബിതയിലെ 'കേതകി'യുടെ നിത്യനിദാനനിയോഗം.


അപ്പോൾ ആരാണ് ടാഗോറിന്റെ ജീവിതത്തിലെ 'ലാബണ്യ' ? കവിയുടെ ജീവിതത്തിൽ, അദ്ദേഹത്തിന്റെ ഹൃദയത്തിന് മുങ്ങാംകുഴിയിട്ടു നീന്താനും മാത്രം വിശാലമായ പ്രണയതടാകങ്ങൾ പങ്കിട്ടുനൽകിയ ഒരു 'ലാബണ്യ', അങ്ങനെ ഒരാളുണ്ടോ..? ഉണ്ട്..! 'വിക്ടോറിയ ഒകാംപോ' എന്നായിരുന്നു അവരുടെ പേര്. അപൂർവ്വസുന്ദരമായ ഈ പ്രണയകഥ തുടങ്ങുന്നത് 1924 നവംബറിലാണ്. ടാഗോർ തന്റെ തെക്കേ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ബ്യൂണസ് അയേഴ്സിൽ കപ്പലിറങ്ങിയ സമയം. 1913 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനലബ്ധിക്കു ശേഷം ടാഗോർ വിശ്വപ്രസിദ്ധനായിരുന്നു. അർജന്റീനയിലും മറ്റു തെക്കേ അമേരിക്കൻ രാജ്യങ്ങളിലും ടാഗോർ ഇംഗ്ലീഷിലും സ്പാനിഷ് പരിഭാഷകളിലുമായി പരക്കെ വായിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന് അവിടങ്ങളിലെല്ലാം ഒരുപാട് ആരാധകരും ഉണ്ടായിരുന്നു.

സുദീർഘമായ കപ്പൽ യാത്രയുടെ ദുരിതങ്ങൾ ടാഗോറിനെ രോഗഗ്രസ്തനാക്കി. സുഹൃത്തായ ബ്രിട്ടീഷ് പൗരൻ ലിയോണാർഡ് എൽമ്ഹേഴ്സ്റ്റ് അദ്ദേഹത്തിന്റെ പരിചരണമേറ്റെടുത്തു. ലിയോണാർഡിന്റെ സുഹൃത്തായിരുന്നു വിക്ടോറിയ. അതിസുന്ദരിയായ ആ മുപ്പത്തിനാലുകാരി ടാഗോറിന്റെ അസുഖവിവരമറിഞ്ഞ് അദ്ദേഹത്തെ ഹോട്ടലിൽ കാണാൻ ചെന്നതായിരുന്നു. അസുഖം സുഖപ്പെടും വരെ തന്റെ കൊട്ടാരസദൃശമായ ബംഗ്ളാവിൽ വന്നു തങ്ങിക്കൊള്ളാൻ കവിയെ അവർ സ്നേഹപൂർവ്വം ക്ഷണിച്ചു. അദ്ദേഹം നിർബന്ധത്തിന് വഴങ്ങി.

അങ്ങനെ വിക്ടോറിയയുടെ ആതിഥ്യം സ്വീകരിച്ച് അവിടെ പാർക്കുന്നതിനിടെയാണ് അവർ തമ്മിലടുക്കുന്നത്. അന്നദ്ദേഹത്തിന് വയസ്സ് 63. ഏതാണ്ട് വിക്ടോറിയയുടെ അച്ഛന്റെ പ്രായം. എന്നാൽ ആ വാർധക്യത്തിലും ടാഗോറിന്റെ സൂര്യതേജസ്സാർന്ന സുകുമാരരൂപം ഏതൊരു സ്ത്രീയിലും അനുരാഗമുദിപ്പിക്കാൻ പോന്നതായിരുന്നു.

വിക്ടോറിയയുടെ ജീവചരിത്രകാരൻ ഡോറിസ് മേയർ എഴുതുന്നത് ഇപ്രകാരമാണ്, " ടാഗോറിനെ കണ്ടുമുട്ടും മുമ്പ് വിക്ടോറിയ ഒരു അഭിഭാഷകനുമായി പ്രണയത്തിലായിരുന്നു. രോഗിയായ കവിയെ പരിചരിക്കാനുള്ള നിയോഗം കൈവന്ന ശേഷമാണ് അവർ തമ്മിൽ കൂടുതൽ അടുക്കുന്നത്.." എന്നാൽ ടാഗോറിന്റെ ജീവചരിത്രകാരനായ കൃഷ്ണ കൃപലാനി ഇവർ തമ്മിൽ ഏറെ ഗാഢമായ ഒരു സ്നേഹബന്ധം എന്നതിൽക്കൂടുതലായി ഒന്നും തന്നെ കാണുന്നില്ല. താമസിച്ചിരുന്ന വില്ലയുടെ മട്ടുപ്പാവിലിരുന്നുകൊണ്ട് തൊട്ടപ്പുറത്തുകൂടെ പ്രശാന്തമായി ഒഴുകിക്കൊണ്ടിരുന്ന പ്ലേറ്റാ നദി കണ്ടുകൊണ്ടിരിക്കാൻ കവി ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആതിഥേയയുടെ സ്നേഹമസൃണമായ പെരുമാറ്റം ടാഗോറിന്റെ മനസ്സലിയിച്ചിരുന്നു. അവരുടെ കനത്ത നിശ്വാസങ്ങളും അടക്കിപ്പിടിച്ച സംസാരവും എല്ലാം കേട്ടുകൊണ്ട് നദി നിശ്ശബ്ദം ഒഴുകിക്കൊണ്ടിരുന്നു. " ഇത്രയേറെ മനസ്സർപ്പിച്ചുകൊണ്ട് ഉപാസിച്ചാൽ ദൈവത്തിന്റെ ഹൃദയം പോലും അലിഞ്ഞുപോകില്ലേ..? ടാഗോർ വെറുമൊരു മനുഷ്യനല്ലേ..? " എന്നാണ് കൃപലാനി ചോദിക്കുന്നത്.


താമസം കഴിഞ്ഞ് ടാഗോർ തിരിച്ചു പോയശേഷം അദ്ദേഹത്തിനെഴുതിയ കത്തുകളിലൊന്നിൽ വിക്ടോറിയ എഴുതി, " പ്രിയ ഗുരുദേവ്.. അങ്ങ് പോയതില്പിന്നെ ദിവസങ്ങൾക്ക് അന്തമില്ലാതെയായിട്ടുണ്ട്.. "

വിക്ടോറിയയ്ക്കുള്ള മറുപടിയിൽ ടാഗോർ ഇങ്ങനെ കുറിച്ചു, " അതേ, ഒന്നിച്ചുണ്ടായിരുന്നപ്പോൾ നമ്മൾ പരസ്പരം വാക്കുകൾ കൊണ്ട് കളിച്ചു. ഗാഢമായ ആലിംഗനങ്ങൾക്കുള്ള അവസരങ്ങളൊക്കെയും ഒരു ചിരിയിൽ അലിയിച്ചില്ലാതെയാക്കി. ചേക്കേറിയ കൂടിന്, ഈ വിശാലമായ ശാരദാകാശത്തോട് അസൂയയും ശത്രുതയും വന്നുതുടങ്ങി എന്ന് തോന്നുമ്പോഴേക്കും എന്റെ മനസ്സ്, ഒരു ദേശാടനപ്പക്ഷിയെപ്പോലെ, വിദൂരസ്ഥമായ തീരങ്ങളിലേക്ക് തിരിച്ചു പറന്നുയർന്നതാണ്.."

അർജന്റീനാ വാസകാലത്തെ ടാഗോറിന്റെ കവിതകളിലെ പ്രണയഭാവം വിക്ടോറിയയോട് തിരിച്ചുള്ള അദ്ദേഹത്തിന്റെ അടുപ്പത്തിന് തെളിവായി വേണമെങ്കിൽ നമുക്കെടുക്കാം. ടാഗോർ വിക്ടോറിയയുടെ സാമീപ്യം ഇഷ്ടപ്പെട്ടിരുന്നു എന്നത് ഒരു പരസ്യമായ രഹസ്യമായിരുന്നു. വിക്ടോറിയക്ക് കവി 'ബിജോയ' എന്ന് വിളിപ്പേരിട്ടു. അർജന്റീനയിൽ കഴിഞ്ഞ കാലത്ത് എഴുതിയ കവിതകളുടെ സമാഹാരമായ 'പുർബി' ടാഗോർ സമർപ്പിച്ചിരിക്കുന്നത് ബിജോയയ്ക്കാണ്..! 'പുർബി' ഒരു രാഗമാണ്. സായാഹ്നവേളകളിൽ ആലപിക്കപ്പെടുന്ന പ്രണയമധുരമായ ഒരു ഹിന്ദുസ്ഥാനി രാഗം.

പുർബിയിലെ ഒരു കവിതയിൽ ടാഗോർ ഇങ്ങനെ കുറിച്ചു:

സുന്ദര പുഷ്പമേ, നിന്റെ കാതുകളിൽ
ഞാൻ പിന്നെയും മന്ത്രിച്ചു,
"നിന്റെ ഭാഷ, അതേതാണ് പ്രിയേ..? "
നീ ഒന്ന് ചിരിച്ചുകൊണ്ട് തലകുലുക്കുക മാത്രം ചെയ്തു.
ഇലകൾ തമ്മിൽ, എന്തോ അടക്കം പറഞ്ഞു.

നവംബർ മുതൽ ജനുവരി വരെ മൂന്നുമാസത്തോളം അവിടെ കഴിച്ചുകൂട്ടി, ആരോഗ്യം വീണ്ടെടുത്ത ശേഷം ടാഗോർ നാട്ടിലേക്കു മടങ്ങി. ആറു വർഷം കഴിഞ്ഞ് ഇരുവരും വീണ്ടും പാരീസിൽ കണ്ടുമുട്ടിയപ്പോൾ വിക്ടോറിയ അവിടെ ടാഗോർ ചിത്രങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. ആ എക്സിബിഷന്റെ ഉദ്ഘാടനചടങ്ങിനിടെ എടുത്ത ചിത്രത്തിൽ തന്റെ വെളുത്ത വസ്ത്രത്തിൽ തേജസ്വിയായ ടാഗോറിനെ നമുക്ക് കാണാം. അദ്ദേഹത്തിന് തൊട്ടരികിലുള്ള കസേരയിൽ വിക്ടോറിയയെയും.

അനുരാഗപ്രകടനങ്ങൾക്കും പ്രലോഭനങ്ങൾക്കും ഇടയിൽ വിക്ടോറിയയുമായി ഇടപെടുമ്പോഴും, വളരെ കൃത്യമായ വൈകാരികസംയമനം പാലിക്കാനുള്ള സിദ്ധി ടാഗോറിനുണ്ടായിരുന്നു. തന്നെ വലിച്ചടുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന വിക്ടോറിയ എന്ന സുന്ദരിയായ യുവതിയോട് അദ്ദേഹത്തിന് തിരിച്ചും കടുത്ത ആകർഷണം തോന്നിയിരുന്നു. എന്നാൽ, അദ്ദേഹം ഒരിക്കലും തന്റെ ഋഷീതുല്യമായ സംയമനം വെടിഞ്ഞിരുന്നില്ല എന്നുതന്നെയാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പറയുന്നത്. ആ ബംഗ്ളാവിന്റെ മുറ്റത്ത് ഒരു ടിപ്പാമരമുണ്ടായിരുന്നു. തെക്കേ അമേരിക്കയിൽ മാത്രം കണ്ടുവരുന്ന നിറയെ മഞ്ഞപ്പൂക്കളുള്ള ഒരു തണൽ മരമാണ് ടിപ്പ. അതിന്റെ ചുവട്ടിൽ കവിയും കാമുകിയും ഒന്നും മിണ്ടാതെ അടുത്തടുത്തിരിക്കുമ്പോൾ, ആ മരത്തിന്റെ ചില്ലകൾ അവരുടെ മൗനത്തിന് കാതോർത്തുകൊണ്ട് തെല്ലൊന്നു കുനിഞ്ഞു നിൽക്കും.

'പുർബി' യിൽ ടാഗോർ വിക്ടോറിയ എന്ന തന്റെ പ്രണയത്തെപ്പറ്റി ഇങ്ങനെ എഴുതി,

'എന്റെ ഹൃദയവേദനയുടെ
ചീന്തിയെടുത്ത കഷ്ണങ്ങൾ
എനിക്കുവേണമെങ്കിൽ
നിന്റെ ജീവിതത്തിൽ
വാരിവലിച്ചിടാം..
എന്റെ ഏകാന്ത സ്വപ്നങ്ങളുടെ
രോദനം കൊണ്ട്
രാത്രി മുഴുവൻ
നിന്റെ ഉറക്കം കെടുത്താം..
അല്ലെങ്കിൽ,
ഒന്നും മിണ്ടാതിരുന്ന്,
എന്നെ പതുക്കെ
മറന്നുകളയാൻ
നിന്നെ സഹായിക്കാം...! '

Back to Blog