Blog

മലബാറിലെ കല്യാണ ആചാരങ്ങൾ



Saturday, 16th May, 2020

മലബാറിലെ മാപ്പിളമാർക്കിടയിൽ നൂറ്റാണ്ടുകൾ പഴക്കമുളളതും കേൾക്കാൻ ഇമ്പമുളളതുമായ ഒട്ടേറെ കല്യാണ ആചാരങ്ങൾ നിലനിന്നിരുന്നു. മാപ്പിളമാർക്കിടയിൽ കല്യാണം, സുന്നത്ത്‌കല്യാണം (ചേലാകർമ്മം), കാതുകുത്തുകല്യാണം, വയസ്സറിയിച്ചകല്യാണം, നാല്പതുകുളി (സ്‌ത്രീകളുടെ ആദ്യത്തെ പ്രസവത്തിന്റെ നാല്പതാംദിനം) എന്നിവ കെങ്കേമമായി കൊണ്ടാടിയിരുന്നു. എന്നാൽ മലബാറിലെ എല്ലാ ദിക്കിലും ഇതിനു സമാനസ്വഭാവമുണ്ടായിരുന്നില്ല. പ്രാദേശികമായി ആചാരങ്ങൾക്ക്‌ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പ്‌ വരെ മലബാറിൽ വിവാഹങ്ങൾ നടന്നിരുന്നത്‌ രാത്രി മാത്രമായിരുന്നു. ചിലയിടങ്ങളിലത്‌ രണ്ടുരാത്രികൾ വരെ നീണ്ടുനിൽക്കാറുമുണ്ട്‌. ഇന്നും പലേടത്തും വിവാഹത്തലേന്ന്‌ മൈലാഞ്ചിക്കല്യാണം നടന്നുവരുന്നു. അക്കാലത്ത്‌ നടന്നിരുന്ന വിവാഹ ആചാരങ്ങളിൽ പ്രധാനപ്പെട്ടവയാണ്‌ മൈലാഞ്ചിക്കല്യാണവും മോത്തളവും (മുഖത്തളം).

മൈലാഞ്ചികല്യാണം ഃ ഇന്നും മൈലാഞ്ചികല്യാണം നടക്കുന്നു എന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. എന്നാൽ ആദികാലത്ത്‌ നടന്നിരുന്ന മൈലാഞ്ചികല്യാണത്തിന്റെ ആചാരങ്ങളുമായി ഇതിനു യാതൊരു ബന്ധവുമില്ല. മൈലാഞ്ചികല്യാണത്തിലും പ്രാദേശിക വ്യത്യാസങ്ങളുണ്ട്‌. പുതുനാരിക്ക്‌ മൊഞ്ച്‌ ഏറ്റാൻ കൈകളിലിടുന്ന മൈലാഞ്ചി കൊണ്ടുവരാനും അതുകൊണ്ട്‌ നാരിയുടെ കൈകളിൽ കലാപരമായി ചിത്രം തുന്നുവാനുമുളള അവകാശം അമ്മായിക്കുളളതാണ്‌ (പിതാവിന്റെ സഹോദരി). എന്നാലിത്‌ ചിലേടത്ത്‌ അമ്മാവന്റെ വീട്ടിൽനിന്നും, മണവാളന്റെ വീട്ടിൽനിന്നും കൊണ്ടുവരാറുണ്ട്‌. മൈലാഞ്ചി കൊണ്ടുവരുന്നത്‌ വളരെ ഘോഷമായിട്ടു തന്നെ. സാമ്പത്തികനിലവാരമനുസരിച്ച്‌ ഇതിനു മാറ്റു കൂടുകയോ, കുറയുകയോ ചെയ്യുമെന്ന്‌ മാത്രം. ചിലേടങ്ങളിൽ വിവാഹത്തിനു തലേന്ന്‌ രാത്രിയും മറ്റിടങ്ങളിൽ വിവാഹദിവസം പകലുമാണ്‌ (രണ്ടിടത്തും വിവാഹം രാത്രി തന്നെ) ഈ മൈലാഞ്ചി ഘോഷയാത്ര നടക്കുന്നത്‌. പിതാവിന്റെ സഹോദരിയുടെ വീട്ടിൽ നിന്ന്‌ കൊണ്ടുപോകുന്ന മൈലാഞ്ചിയ്‌ക്ക്‌ കൂടെ പോകാൻ ബന്ധുക്കളേയും അയൽവാസികളേയും സുഹൃത്തുക്കളേയുമൊക്കെ ക്ഷണിച്ചു വരുത്തുന്നു. എന്നിട്ട്‌ മൈലാഞ്ചി അരച്ച്‌ ഉരുട്ടി കിണ്ണത്തിലാക്കി പട്ടുകൊണ്ട്‌ പുതച്ച്‌ ആനപ്പുറത്ത്‌ കയറ്റി മുന്നിൽ പട്ടുമൂടിയ കിണ്ണം ഒരാൾ പിടിച്ചിരിക്കും. അതിനു പുറകിൽ പട്ടുകുട പിടിച്ചു ഒന്നോ രണ്ടോ പേർ പിന്നെയും കാണും. കൂടാതെ കോൽക്കളി, ബാന്റ്‌ മേളം, ചീനിമുട്ട്‌ തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷണിച്ചുവരുത്തിയ സംഘമാണ്‌ പുതുനാരിയുടെ വീട്ടിലേയ്‌ക്ക്‌ വളരെ ഘോഷമായി മൈലാഞ്ചി കൊണ്ടുവരുന്നത്‌. ഇങ്ങനെയെത്തുന്ന സംഘത്തിന്‌ കേമമായ വിരുന്ന്‌ നാരിയുടെ വീട്ടിൽ ഒരുക്കിയിട്ടുണ്ടാകും.

ഇങ്ങനെ ആനപ്പുറം കയറി വരുന്ന മൈലാഞ്ചി ഇട്ടുകൊടുക്കുന്നതോട്‌ കൂടി നാരിയെ നടുവിലിരുത്തി കൂട്ടുകാരികൾ കൈകൊട്ടി പാട്ടുപാടി തുടങ്ങിയാൽ കല്ല്യാണ പന്തൽ മൈലാഞ്ചിപ്പാട്ടുകളുടേയും ഒപ്പനപ്പാട്ടുകളുടേയും ഇശലുകൾ ഒഴുകിയെത്തുന്ന അവസ്‌മരണീയ മുഹൂർത്തമായി മാറുന്നു ഃ

‘മൂലപ്പുരാനവന്റെ മുത്തിനാൽ പടച്ചുമുന്നെ

മുതലായ്‌ മൂവാറ്‌ സാവർ

ആലമുക്കും മുമ്പുതന്നെ……’

മോത്തളം ഃ ഇന്ന്‌ പൂർണ്ണമായും കാലാഹരണപ്പെട്ടു കഴിഞ്ഞ ഒരു ആചാരമാണിത്‌. വിവാഹദിവസം പകൽ പന്തലിൽ വെച്ച്‌ മണവാളനെ ഒസ്സാൻ (ബാർബർ) ഷൗരം ചെയ്യാൻ തുടങ്ങുന്നു. ഈ സമയത്ത്‌ കൂട്ടുകാർ ഒത്തുകൂടി മണവാളനെ നടുവിലിരുത്തി വട്ടത്തിൽ നിന്ന്‌ കൈകൊട്ടി പാടുന്നു, കൈമുട്ട്‌ കളി, മാറ്റകൊട്ട്‌ കളി എന്നിവയും അരങ്ങേറുന്നു. മോത്തളത്തിനു വരുന്ന ബാർബർക്ക്‌ പാരിതോഷികവും സമ്മാനിക്കുന്നു. ഇതിനെ വിരിപ്പ്‌ വെക്കുക എന്നാണ്‌ പഴമക്കാർ വിളിച്ചുവന്നിരുന്നത്‌. ഒരു താലത്തിൽ, തുണി, അരി, വെറ്റില, അടക്ക എന്നിവയാണ്‌ പാരിതോഷികം. മാപ്പിളപ്പാട്ടിന്റെ സൗന്ദര്യവും, ആസ്വാദനവും വേണ്ടുവോളം നുകരാൻ അവസരം നൽകിയിരുന്നു ഈപ്രാചീന ആചാരത്തിന്‌ മലബാറിലെ കാരണവൻമാരുടെ ഓർമ്മകളിൽ മാത്രമാണിന്നിടമുളളത്‌.

‘ഭവനത്തിലെങ്ങും ചൊല്ലാൻ ഉകമില്ല

സുവനത്തിലുണ്ട്‌ ഹുരാനികൾ

കതിരം കത്തിത്തെളി മെത്തത്തിരുമേനികൾ

അവരിൽ ഐളും നിഫാസും പതിവില്ല.

വീശും മലർമുല്ല ആകെ കുളൻകളിലെ

ലാമൃന്തം ചൊല്ലാൻ ആമൃന്തമില്ലാ….

ചെപ്പാൻ മുല നിപ്പൊ മതിനെപ്പോൾ

കറുപ്പേറും മുടികൊടിയും ഇട തടിയും ഉടുപുടയും…’

വധൂവരന്‌മാരുടെ ഉടുപുടയും ഃ കസവ്‌കര തുണിയും, സിൽക്കിന്റെ തൂവെളള ഷർട്ടും, മാപ്പിള തൊപ്പിയൊ, സിൽക്കിന്റെ തലയിൽ കെട്ടോ, പട്ടുറുമാലൊ തലയിലുമണിഞ്ഞ്‌ അക്കാലത്ത്‌ പെരുമയുണ്ടായിരുന്ന, ഹംബർ, ഹൂദ്‌, മിസ്‌ക്ക്‌ എന്നിവപോലുളള ഏതെങ്കിലും അത്തറും പൂശി കഴിഞ്ഞാൽ ‘പുതിയാപ്ല ചമഞ്ഞു കഴിഞ്ഞു’.

മഞ്ഞപ്പട്ടിന്റെ തുണിയും (പഴുക്കപ്പട്ട്‌) സുയില്‌ (ഒരു തരം പട്ട്‌) കൊണ്ടുളള പെൺകുപ്പായവും, കറുപ്പ്‌ മുഖമക്കനയ്‌ക്കു മുകളിൽ ചുകപ്പ്‌ നിറത്തിലുളള സിൽക്കിന്റെയോ, പട്ടിന്റെയോ വലിപ്പത്തിലുളള തട്ടവുമിട്ട്‌, മുല്ലപ്പൂമാല (ഒരു ആഭരണത്തിന്റെ പേര്‌) സുൽസേരി വള, മുറി ഏലസ്‌, പൊളേളമണി, എലക്കത്താലി, പൊന്നേലസ്സ്‌, പൊന്നരഞ്ഞാനം, കടകം, തള, തോട, പൂക്കുത്തി, ചിറ്റ്‌, പെറ, എന്നിങ്ങനെയുളള ആഭരണങ്ങളണിഞ്ഞ്‌ നറുമണം വീശും അത്തറുംപൂശി കരയുന്ന ചെരുപ്പിൻമേൽ (അക്കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന നടക്കുമ്പോൾ ശബ്‌ദമാണ്ടാക്കുന്ന ഒരു തരം ചെരുപ്പ്‌) പന്തലിൽ വരുന്നതോടെ മലബാറിന്റെ പുതുപെണ്ണും ചമഞ്ഞുകഴിഞ്ഞു.

പുതുനാരി വിവാഹദിവസം ഉടുക്കുന്ന മഞ്ഞപ്പട്ട്‌ ജീവിതകാലം മുഴുവൻ കാത്തു സൂക്ഷിക്കുന്നു. അവസാനം അത്‌ മരിച്ചുകഴിഞ്ഞ്‌, മയ്യത്ത്‌ ഖബറടക്കാൻ ഖബർസ്‌ഥാനിലേക്കു കൊണ്ടുപോകുന്ന മയ്യത്തു കട്ടിലിനു മുകളിൽ വിരിക്കുന്ന പതിവും മലബാറിൽ ചിലേടങ്ങളിൽ നിലനിന്നിരുന്നു.

മറുവിട്‌ യാത്ര ഃ മണവാളൻ മണവാട്ടിയുടെ വീട്ടിലേക്കും മണവാട്ടി മണവാളന്റെ വീട്ടിലേക്കുമുളള പോക്കുവരവ്‌ മാപ്പിളമാർക്കിടയിൽ ഇന്നും തുടിക്കുന്ന ഓർമകളാണ്‌. ഈ യാത്രകൾക്കു മുമ്പ്‌ പ്രത്യേകം ഏർപ്പാടു ചെയ്‌തു കൊണ്ടുവരുന്ന പാട്ടുകാർ തനതായ മാപ്പിളപ്പാട്ടിന്റെ ഈരടികൾകൊണ്ട്‌ സദസ്സിനെ ധന്യമാക്കാറുണ്ടായിരുന്നു. ഇത്തരം വിവാഹസദസ്സുകളിലൂടെ മലബാറിന്റെ സംഗീതചരിത്രത്തിൽ രാജകീയ ഇരിപ്പിടം നേടി കാരണവൻമാരുടെ ഓർമ്മച്ചെപ്പിൽ ഇന്നും ഉറങ്ങാതെ കിടക്കുന്ന പേരുകൾ ഒത്തിരി. നല്ലളം അ​‍ൗവുറുട്ടി, കുഞ്ഞിപോക്കർ, കമ്മാൽ ഹാജി അരീക്കോടൻ അഹമ്മതുകുട്ടി, ഉണ്ണിമുഹമ്മദ്‌, നല്ലളംബീരാൻ, കെ. പി. മയമുട്ടി, കാട്ടിൽ ബാപ്പു, കുറുവടി അഹമ്മത്‌, ഒറ്റപ്പിലാൻ അഹമ്മത്‌ കുട്ടി, പി. കെ. ഹലിമ, സി. എച്ച്‌. കുഞ്ഞഐഷ എന്നിവർ ഇവരിൽ ചിലർ മാത്രം.

മലബാറിൽ കല്യാണപാട്ടുകളുടെ രചനയിലൂടെ മാപ്പിളമാരുടെ ഹൃദയത്തിൽ ചിര പ്രതിഷ്‌ഠനേടിയവരിൽ ചാക്കേരി മൊയ്‌തീൻകുട്ടി, സുചായി മൊയ്‌തു മുസ്‌ല്യാർ, ചേറ്റുവ പരീക്കുട്ടി, പളളിപ്പാടൻ ബീരാൻ മൗലവി, വാഴപ്പുളളി മാമുട്ടി, തിരൂർ മൊയ്‌തീൻ കുട്ടി ഹാജി, എസ്‌.കെ.എസ്‌. ജലീൽ (മെഹർ) എന്നിങ്ങനെ ഈ ഗണത്തിൽ ധാരാളം പേരുകൾ വേറെയുമുണ്ട്‌. സ്രഷ്‌ടാവിനെ അറിയില്ലെങ്കിലും ഇവരുടെയൊക്കെ രചനകൾ ഇന്നും അനേകായിരങ്ങളുടെ നാവുകളാൽ താലോലിക്കപ്പെടുന്നു.

ഇനി യാത്രയിലേക്കു കടക്കാം. വിവാഹം രാത്രിയാണല്ലോ അതുകൊണ്ട്‌ ‘പുതിയാപ്ലപോക്കും’ ‘പെണ്ണിറക്കവും’ എല്ലാം രാത്രി തന്നെ. വെളിച്ചത്തിനുവേണ്ടി മുന്നിലായി ഒരാൾ പെട്രോൾമെക്‌സ്‌ തലയിലേന്തി നടക്കും അതിനുപുറകിലായി മണവാളനും സംഘവും പാട്ടുപാടി മണവാട്ടിയുടെ വീട്ടിലേക്ക്‌ നീങ്ങുന്നു. ഇങ്ങനെ നടക്കുമ്പോൾ പാടിപോകുന്ന പാട്ടിനെ നടപ്പാട്ട്‌ എന്നും പറയാറുണ്ട്‌.

‘ബൻന്താർ അൻ ഇരിവരി നടു പോർകളത്തിൽ

കോടാ കളിത്ത്‌ വാറിലെ ബഹുകേമാ ചൊടിയോടെ കടുവൈ

പരിശോരു പുരുഷനിതാ….’

മണവാട്ടി മണവാളന്റെ വീട്ടിലേക്കുളള യാത്രയും ഇതേ പോലെ തന്നെയാണ്‌ സംഘം മണവാട്ടിയുടെ വീട്ടിൽ നിന്നിറങ്ങി മണവാളന്റെ വീടെത്തുന്നതുവരെ പാടികൊണ്ടു തന്നെയായിരുന്നു യാത്ര.

‘പൂതുമത്തരം മനയിൽ പല്ലങ്കി കട്ടിലെന്നും

പദവി സിറാറതിന്റെ പങ്കിതൊപ്പം ചെപ്പിടുകിൽ

ചതിരം കടഞ്ഞുകാലം ചിത്തിരക്കെട്ടും പണികൾ

സദറും ചിന്നും തരത്തിൽ ചേർത്ത്‌ ബെത്തെ-ചുന്ദിരപോൾ’

രാത്രിയുടെ നിശബ്‌ദതയിൽ വിവാഹസംഘങ്ങൾ സമ്മാനിച്ച ഇതുപോലെയുളള എത്രയോ ഒപ്പന ഇശലുകളുണ്ട്‌. മണവാളനേയും സംഘത്തേയും ഒരു കൂട്ടം പുരുഷന്‌മാർ ഇറങ്ങിവന്ന്‌ പാട്ടുപാടി സ്വീകരിച്ചു കയറ്റുന്നു. ഇതിന്‌ കൂടുതലും ബൈത്തുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. ‘വാദ്യമായി കോളാമ്പി’യും. അതുപോലെ മണവാളന്റെ വീട്ടിലെത്തുന്ന മണവാട്ടിയേയും സംഘത്തേയും ഒരു സംഘം സ്‌ത്രീകൾ ഇറങ്ങിവന്ന്‌ പാട്ടുപാടി സ്വീകരിക്കുക പതിവായിരുന്നു. മണവാട്ടിയെ വീട്ടിൽനിന്ന്‌ ഇറക്കുമ്പോഴും മണവാളന്റെ വീട്ടിലേക്കു കയറുമ്പോഴും ചില പ്രത്യേക തെരഞ്ഞടുത്ത പാട്ടുകൾ പാടുന്ന പതിവും നിലനിന്നിരുന്നു. നാരിയെ ഇറക്കുമ്പോൾ ഃ

‘സാരപുതുമാരൻ തന്റെ സന്തോഷദേവിയേ…

സഭയോടനുവാദത്താലേ ഞങ്ങൾ ഇറക്കുന്നേ

നേരിട്ട്‌ പാട്ടാൽ കൈമുട്ടി പാടി സഭ വിട്ട്‌

നേശപ്പൂദേവിയേ ഞങ്ങൾ-കൊണ്ടിതാ പോകുന്നേ….’

മണവാളന്റെ വീട്ടിലേക്കു കയറ്റുമ്പോൾ ഃ

‘മാനിതാ മനോരിൽ മാനിമ്പം വീശുന്നേ

മനഘോഷ മംഗല്യ പൂവിതാ വരുന്നേ….

തനേ തടിയെല്ലാം തങ്കം പോൽ ലെകുന്നേ

തതളപ്പൂ മംഗല്ല്യ പൂവിതാ വരുന്നേ….’

മണവാട്ടി മണവാളന്റെ വീട്ടിലെത്തി കഴിഞ്ഞാൽ കല്ല്യാണവീടുകൾ അതിവ രസകരമായ ഒരു മത്‌സരവേദിയായി മാറുന്നു. മണവാളന്റെ വീട്ടിലെ പാട്ടുസംഘവും മണവാട്ടിയുടെ കൂടെ വന്ന പാട്ടുസംഘവും വേർതിരിഞ്ഞിരുന്ന്‌ മത്‌സരത്തിനുവേണ്ടി തയ്യാറാവുന്നു. വധുവിന്റെ സംഘത്തിലുളളവർ ഒരു പാട്ടുപാടികഴിഞ്ഞാൽ അടുത്ത ഊഴം വരന്റെ സംഘത്തിനുളളതാണ്‌.

‘അറിവിച്ചാ സമയത്തിൽ ഹുമൈ ഖോജാവേ….

അംബിയാർ സകലോർക്കും മഹാതാജാവേ…

താജരെ എൻ മകൻ ആയിഷ ഇപ്പം

രാജരിൽ വാഴുവാൻ പോരവലിപ്പം

ബാജവയസ്സന്ന വാമ വലിപ്പം

ചെറുപ്പം ആ കുളൽ തങ്ങൾക്കിണയാകുമൊ

ചിന്തയിൽ ശരിയായ നിനവൊക്കുമൊ…’

എന്നങ്ങിനെയൊക്കെയുളള തനതായ മാപ്പിളപ്പാട്ടുകളിലൂടെ മത്‌സരം കത്തികയറുമ്പോഴും ഇരുസംഘവും ചില മത്‌സരനിയമങ്ങൾ പാലിക്കണം. ആദ്യം പാടിയ സംഘം ഏതുഗ്രന്ഥത്തിൽ നിന്നാണൊപാടിയത്‌ അതേ കാവ്യത്തിൽ നിന്നുളള പാട്ടുകൾ തന്നെ വേണം മറ്റേ സംഘക്കാർ പാടേണ്ടത്‌. മത്‌സരം മണികൂറുകൾ പിന്നിട്ടു കഴിയുമ്പോഴേക്കും വാശി മൂത്ത്‌ അങ്കകോഴികളെപോലെ പൊരുതുകയായിരിക്കും. ഈ സമയത്ത്‌ വാശി പിടിപ്പിക്കുന്നതും പരിഹസിക്കുന്നതും നുളളി നോവിക്കുന്നതുമായ പാട്ടുകൾ ആവനാഴിയിൽ നിന്ന്‌ പുറത്തുവരുന്നതോടെ മത്‌സര നിയമമൊക്കെ കാറ്റിൽ പറക്കുന്നു. മറുഭാഗത്തെ തോല്പിക്കുന്നതിനും പരിഹസിക്കുന്നതിനുവേണ്ടിയും നിമിഷനേരം കൊണ്ടു കാവ്യസൗന്ദര്യമുളള പാട്ടുകൾ സൃഷ്‌ടിക്കാനും മറുത്തുപാടാനും മിടുക്കികളായ ഒട്ടേറെ പാട്ടുകാർ ഉണ്ടായിരുന്നു മലബാർ ഗ്രാമങ്ങളിൽ.

‘പാട്ടുകൊണ്ട്‌ ചൂട്ടുകെട്ടി മോത്ത്‌ കുത്തും ഞാനെടി

പാട്ടുപാടാൻ കയ്യൂലെങ്കിൽ പന്തലിന്നിറങ്ങടി’

എന്ന വരികളൊക്കെ നിമിഷനേരത്തെ സൃഷ്‌ടികളാണ്‌. മത്‌സരം മൂത്ത്‌ പലപ്പോഴും വെടിനിർത്തലിനുവേണ്ടി പുരുഷന്‌മാർ ഇടപെടേണ്ടിവന്ന ആ പഴയ ക്ലാവു പിടിച്ച കഥകളൊക്കെ ഓർത്ത്‌ ഇന്നും മലബാറിലെ ഉമ്മൂമമാർ മുറുക്കാൻ കറയുളള പല്ലുപോയ മോണകാട്ടി ചിരിക്കുന്നു.

Back to Blog