Blog

അത്രയെളുപ്പമല്ല, വിവാഹശേഷം അനുരാഗം



Sunday, 10th May, 2020

വിവാഹം രണ്ട് വ്യക്തിത്വങ്ങളെ ഒരുമിപ്പിക്കുന്ന ഒന്നാണ്. മാനസികമായ ഇഴയടുപ്പാണ് ദാമ്പത്യത്തിന്റെ പൊരുൾ. എന്നാൽ കാലങ്ങൾ കഴിയുമ്പോൾ ഈ ബന്ധത്തിൽ വിള്ളൽ വീഴാറുണ്ട്. ''ഈ ചേട്ടന് വന്നുവന്ന് എന്നോടിപ്പം സ്നേഹമില്ല. കല്യാണത്തിനു മുമ്പ് എന്തൊരു കാര്യമായിരുന്നു എന്നെ . എപ്പോഴും 'തേനേ, ചക്കരേ' എന്നൊക്കെ വിളിക്കുമായിരുന്നു. കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷമായി ഇപ്പോള്‍‌ സ്നേഹമില്ലെന്നതു പോകട്ടെ, എന്നോടൊന്ന് സംസാരിക്കാൻ പോലും അദ്ദേഹത്തിനു സമയമില്ല."

വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു ഭാര്യയ്ക്ക് ഭര്‍ത്താവിനെക്കുറിച്ച് പറയാനുണ്ടായിരുന്ന കാര്യങ്ങളാണിവ.

വിവാഹം കഴിഞ്ഞ് നാളുകള്‍ കഴിയുന്നതോടെ ജീവിതത്തിലെ 'പ്രണയം' കൈമോശം വരുന്നതായി പലരും‌ പറഞ്ഞുകേള്‍ക്കാറുണ്ട്. വിവാഹ ജീവിതത്തിലുടനീളം പ്രണയം നിലനിര്‍ത്താന്‍ കഴിയുന്ന ദമ്പതികളാണ് സന്തുഷ്ടദാമ്പത്യം ആസ്വദിക്കുന്നത്.

പ്രണയത്തിലെ ഘടകങ്ങൾ

പ്രണയത്തിന്‍റെ ഘടകങ്ങള്‍ പ്രശസ്ത മനഃശാസ്ത്രജ്ഞനായ റോബര്‍ട്ട് സ്റ്റേണ്‍ബര്‍ഗ്, തന്‍റെ'ത്രികോണ സിദ്ധാന്ത'ത്തില്‍, പ്രണയത്തിനു മൂന്നു ഘടകങ്ങളുണ്ടെന്ന് സമര്‍ത്ഥിക്കുന്നു.ആത്മബന്ധം, കാമം , പ്രതിബദ്ധത , എന്നിവയാണ് ഈ ഘടകങ്ങള്‍.വിവാഹം കഴിഞ്ഞ ചില ചെറുപ്പക്കാരെ കുറിച്ച് സുഹൃത്തുക്കള്‍ പറയാറുണ്ട്, "കല്യാണം കഴിഞ്ഞതോടെ അവനാകെയങ്ങ് ഒതുങ്ങിപ്പോയി, ഇപ്പോള്‍ വീട്ടിനു വെളിയിലിറങ്ങാനേ താല്‍പ്പര്യമില്ല," എന്ന്. വിവാഹത്തിനു മുമ്പ് സുഹൃത്തുക്കളോടൊപ്പം കറങ്ങി നടക്കാനും, സിനിമ കാണാനും വിനോദയാത്രകള്‍ക്കു പോകാനും നാട്ടിലെ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെടാനും യഥേഷ്ടം സമയം കണ്ടെത്തിയിരുന്നയാള്‍, വിവാഹം കഴിയുന്ന തോടെ ഇതില്‍നിന്നൊക്കെ പിന്തിരിയുന്നതാണ് ഈ പരാതിക്ക് കാരണമാകുന്നത്. പെണ്‍കുട്ടികളും, വിവാഹം കഴിയുന്നതോടെ, സുഹൃദ്സംഘങ്ങളില്‍ നിന്നുമകന്ന് വീട്ടിലേക്ക് കൂടുതല്‍ ഒതുങ്ങിക്കൂടുന്നതായി കണ്ടുവരുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ഈ ഒതുങ്ങിക്കൂടല്‍,ഭാര്യയെ ഭയക്കുന്നതുകൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച്, തന്നെ‌ കാത്തിരിക്കാന്‍ മറ്റൊരാള്‍ വീട്ടിലുണ്ട്, അതിനാല്‍ അയാളോടൊത്ത് സമയം ചെലവിടാന്‍‌ നേരത്തേ വീട്ടിലെത്തണം എന്ന കരുതലാണ്. ഒറ്റയ്ക്കു ജീവിച്ചിരുന്ന കാലത്ത് തനിക്കുവേണ്ടി മാത്രം ജീവിച്ചിരുന്ന ഒരു വ്യക്തി,ഇണയെ കണ്ടെത്തുന്നതോടെ മറ്റൊരാള്‍ക്കു വേണ്ടി കൂടി ജീവിച്ചു തുടങ്ങുന്നു. ജീവിതത്തിലെ പ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍, പങ്കാളിയുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മുന്നോട്ടു പോകാന്‍ അയാള്‍ ശ്രമിക്കുന്നു. ഇത് പലപ്പോഴും,ആ വ്യക്തിയുടെ മുന്‍കാല സ്വഭാവരീതികളില്‍ നിന്ന് വ്യത്യസ്തമാകുന്നതു കൊണ്ടുതന്നെ, സുഹൃത്തുക്കളുടെ വിമര്‍ശനത്തിന് കാരണമായേക്കും. ഇത്തരത്തില്‍ ദമ്പതികള്‍ തമ്മില്‍വികസിച്ചുവരുന്ന പരസ്പര ബന്ധത്തെയാണ് 'ആത്മബന്ധം' എന്നുപറയുന്നത്.

ആത്മബന്ധം വികസിക്കുന്നതോടെ, എന്തും തുറന്ന് പങ്കുവയ്ക്കുവാനും ഗാഢമായൊരുപരസ്പരസൗഹൃദം വികസിക്കുവാനുമുള്ള അവസരമൊരുങ്ങുന്നു. പരസ്പരം അനായാസം ആശയവിനിമയം നടത്താനുള്ള സാധ്യതയാണ് ഇതുവഴിതെളിയുന്നത്.

ദമ്പതികള്‍ തമ്മിലുള്ള ശാരീരികമായ ആകര്‍ഷണത്തെ യാണ് 'കാമം' എന്നുവിളിക്കുന്നത്. ഇതിന് മൂന്ന് ഘടകങ്ങളുണ്ട്. സ്വന്തം പങ്കാളിയെക്കുറിച്ചുള്ള ശക്തമായ വൈകാരിക ഉത്തേജനവും ഉത്സാഹവുമാണ് ആദ്യ ഘടകം.പങ്കാളിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ അയാളെ കാണുന്നതിനെക്കുറിച്ചുള്ള സന്തോഷാധിക്യം മനസ്സില്‍ നിറയുന്നു.പങ്കാളിയെക്കുറിച്ചുള്ള ചിന്തകള്‍ കൂടുതല്‍ നേരം മനസ്സില്‍ നിലനില്‍ക്കുന്നു. പങ്കാളിയെക്കുറിച്ചുള്ള ശക്തമായ ലൈംഗികചിന്തകളാണ് രണ്ടാമത്തെ ഘടകം. പ്രണയത്തിന്‍റെ ആരംഭംതന്നെ സൗന്ദര്യാസ്വാദനമോ ലൈംഗികാകര്‍ഷണമോ ആയിരിക്കുമെന്ന് കരുതുന്ന ഗവേഷകരുമുണ്ട്. അപകടകരമായ രീതിയില്‍ചിന്തിക്കാനും പ്രവര്‍ത്തിക്കാനുംപ്രേരിപ്പിക്കുന്ന ശക്തമായ വികാരങ്ങളാണ് 'കാമ'ത്തിന്‍റെ മൂന്നാമത്തെ ഘടകം. ദേഷ്യം,ആത്മഹത്യാപ്രവണത തുടങ്ങിയവയൊക്കെ ഇതിന്‍റെ ഭാഗമായുണ്ടാകാം.

പ്രണയങ്ങൾ പലതരം

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി പങ്കാളിയുമായുള്ള ബന്ധത്തെ വിലയിരുത്താനും അത് ദീര്‍ഘകാലം നിലനിര്‍ത്താനുമുള്ള താല്‍പ്പര്യത്തെയാണ് 'പ്രതിബദ്ധത' എന്നു വിളിക്കുന്നത്.മറ്റെല്ലാ ബന്ധങ്ങളെക്കാളും മേലെയായി വിവാഹന്ധത്തെ കാണാനും, ആ തീവ്രത ദീര്‍ഘ‌കാലം നിലനിര്‍ത്താനുള്ള കഴിവു‌മാണിത്. പരസ്പരം നല്ലതു ചെയ്യാനും പിന്തുണയ്ക്കനുള്ള ശ്രമമാണിത്. പങ്കാളിയോട് ആജീവനാന്തം വിശ്വാസ്യത പുലര്‍ത്താനുള്ള പരിശ്രമവും ഇതിന്‍റെ ഭാഗമാണ്. പങ്കാളിയുടെ വേദനകളിലും, രോഗങ്ങളിലും,വീഴ്ചകളിലും, പരാജയങ്ങളിലും അയാളെ തള്ളിപ്പറയാതെ, കൂടെ നിന്നു പിന്തുണയ്ക്കാനും,കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ടു‌ വരാനുള്ള കഴിവാണ് പ്രതിബദ്ധത ഒരു ദാമ്പത്യന്ധം ദീര്‍ഘകാലം സുദൃഢമായി നിലനില്‍ക്കാന്‍, പ്രതിബദ്ധത വളരെയേറെ അനിവാര്യമാണ്.

ചില ദമ്പതികളുടെ കാര്യത്തിലെങ്കിലും ബാഹ്യമായ കാരണങ്ങള്‍ മൂലമാകും വിവാഹന്ധംതുടര്‍ന്നുപോകുന്നത്. പരസ്പരം ആത്മബന്ധമോ, കാമമോ, പ്രതിബദ്ധതയോ ഇവര്‍ തമ്മില്‍ ഉണ്ടാകാറില്ല. അച്ഛനമ്മമാരുടെ നിര്‍ബന്ധം കൊണ്ടോ കുട്ടികളുടെ ഭാവിയെ കരുതിയോ ഒക്കെ പരസ്പരം സ്നേഹമില്ലാത്ത ദമ്പതികള്‍ ഒരുമിച്ചു കഴിയുന്നുണ്ട്. ഇത്തരത്തില്‍ പ്രണയത്തിന്‍റെ മൂന്നു ഘടകങ്ങളും ഇല്ലാതെ തന്നെ തുടരേണ്ടി വരുന്ന ബന്ധങ്ങളെയാണ് 'നിഷ്‍പ്രണയം' എന്നു വിശേഷിപ്പിക്കുന്നത്. ചില വേളകളില്‍ രണ്ടുപേര്‍ തമ്മില്‍ കാര്യമായൊരു ആത്മബന്ധം ഉണ്ടായേക്കാം, എന്നാല്‍ കാമമോ പ്രതിബദ്ധയോ ഉണ്ടാകണമെന്നില്ല. ഇത്തരം ബന്ധങ്ങളെ 'സൗഹൃദം' എന്നു വിളിക്കാം. എന്നാല്‍, ചിലപ്പോഴെങ്കിലും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന സൗഹൃദങ്ങള്‍ പ്രണയത്തിന്‍റെ മറ്റു തലങ്ങളിലേക്ക് പോകാറുമുണ്ട്.

മൂന്നാമത്തെ തരം പ്രണയത്തില്‍, രണ്ടുപേര്‍ തമ്മിലുള്ള ശാരീരികമായ ആകര്‍ഷണം അഥവാ കാമമാണ് മുന്നിട്ടു നില്‍ക്കുന്നത്. ആത്മബന്ധമോ പ്രതിബദ്ധതയോ ഇതില്‍ പ്രകടമായി ഉണ്ടാകില്ല. ഇത്തരം പ്രണയത്തെയാണ് 'ആസക്തപ്രണയം' എന്നു വിളിക്കുന്നത്. കാലാന്തരത്തില്‍,ശാരീരികമായ അഭിനിവേശത്തിന്‍റെ ശക്തി ക്ഷയിക്കുന്നമുറയ്ക്ക് ആസക്ത പ്രണയം ദുര്‍ബലമാകാം.

നാലാമത്തെ തരം പ്രണയത്തിലാകട്ടെ, രണ്ടു പേര്‍ തമ്മില്‍ശക്തമായ പ്രതിബദ്ധതയിലൂന്നിയ ബന്ധം നിലനില്‍ക്കുന്നു.ദീര്‍ഘകാലം അതു നിലനിര്‍ത്താന്‍ ശ്രമമുണ്ടെങ്കിലും,ആത്മബന്ധമോ ശാരീരികാകര്‍ഷണമോ ആ ബന്ധത്തിലുണ്ടാകാറില്ല. ഇത്തരത്തില്‍പ്രതിബദ്ധതയില്‍ ഊന്നിയ ബന്ധത്തെയാണ് 'ശൂന്യപ്രണയം'എന്നു വിശേഷിപ്പിക്കുന്നത്.

അഞ്ചാമത്തെ തരം പ്രണയത്തില്‍, ദമ്പതികള്‍ തമ്മില്‍ ശക്തമായ ആത്മബന്ധവും ശാരീരികാകര്‍ഷണവും നിലനില്‍ക്കുന്നു. എന്നാല്‍, ഈ ബന്ധം ദീര്‍ഘനാള്‍ നിലനിര്‍ത്താനുള്ള പ്രതിബദ്ധത ഇവിടെയുണ്ടാകില്ല. ഇത്തരം പ്രണയങ്ങളെ, 'കാല്പനിക പ്രണയം'എന്നുപറയാം.

മുതിര്‍ന്ന വ്യക്തികള്‍ - പലപ്പോഴും മദ്ധ്യവയസ്സിലോ വാര്‍ദ്ധക്യത്തിലോ പ്രണയബദ്ധരാകുന്നതും കണ്ടുവരുന്നുണ്ട്. ഇത്തരം ബന്ധങ്ങളില്‍, പങ്കാളിയോടുള്ള ആത്മബന്ധം മാത്രമായിരിക്കും ശക്തമായി നിലനില്‍ക്കുക ശാരീരികാകര്‍ഷണം തെല്ലുമുണ്ടാകില്ല. ആ ബന്ധം ദീര്‍ഘനാള്‍ നിലനിര്‍ത്താനുള്ള പ്രതിബദ്ധത ക്രമേണ വികസിച്ചുവരുന്നു. ഇത്തരം പ്രണയങ്ങളെ'സഹയാത്രിക പ്രണയം'എന്നു വിശേഷിപ്പിക്കാം.

ചില പ്രണയ ബന്ധങ്ങളില്‍ ശാരീരികാകര്‍ഷണം ശക്തമായഘടകമായിരിക്കും ആത്മബന്ധം ദീര്‍ഘനാള്‍ നിലനിര്‍ത്താനുള്ള പ്രതിദ്ധബതയും അവര്‍ കാണിച്ചേക്കും. എന്നാല്‍, മാനസികമായൊരു ആത്മന്ധമോ സൗഹൃദമോ പങ്കാളികള്‍ തമ്മില്‍ഉണ്ടാകണമെന്നില്ല. ഇത്തരം പ്രണയന്ധങ്ങളെ 'മൂഢപ്രണയം' എന്താണ് വിശേഷിപ്പിക്കപ്പെടുന്നത്.

ഏറ്റവും ശ്രേഷ്ഠമായ പ്രണയന്ധങ്ങളില്‍ പ്രതിബദ്ധത, ആത്മബന്ധം, കാമം എന്നീ മൂന്നു ഘടകങ്ങളും ഒരേ പോലെ ശക്തമായി നിലനില്‍ക്കുന്നു.ആരംഭം സൗഹൃദത്തില്‍ നിന്നോ ശാരീരിക ആകര്‍ഷണത്തില്‍ നിന്നോ ആകാമെങ്കിലും, പിന്നീട് ക്രമേണ പ്രണയത്തിന്‍റെ മൂന്നു ഘടകങ്ങളും കടന്നുവന്ന് ആ ബന്ധം ദൃഢതരവും ശാശ്വതവുമാകുന്നു. ഇത്തരത്തില്‍, മേല്‍പ്പറഞ്ഞ മൂന്ന് ഘടകങ്ങളും ഒരേ പോലെ തീവ്രമായി നിലനില്‍ക്കുന്ന ബന്ധത്തിനെയാണ് സമ്പൂര്‍ണ പ്രണയം' എന്നു വിളിക്കുന്നത്. എന്നാല്‍, സമ്പൂര്‍ണ പ്രണയം ദീര്‍ഘകാലം നില നില്‍ക്കുന്നത് ഏറെ ശ്രമകരമായ കാര്യമാണ്. കാലക്രമേണ ശാരീരികാകര്‍ഷം നഷ്ടപ്പെട്ടാല്‍,സമ്പൂര്‍ണ്ണപ്രണയം സഹയാത്രിക പ്രണയമായി മാറുന്നു.

Back to Blog