Blog

4 വർഷത്തെ പ്രണയം, ഒന്നര മാസം വരന്റെ വീട്ടിൽ ക്വാറന്റീൻ; ഒടുവിൽ മാംഗല്യം



Sunday, 10th May, 2020

കോഴിക്കോട്∙ കല്യാണത്തിനുവന്ന വധുവും ബന്ധുക്കളും വരന്റെ വീട്ടിൽ ലോക്ഡൗണിലായത് ഒന്നരമാസം. വരന്റെ വീട്ടിൽ ഇത്രയുംകാലം ക്വറന്റീനിലിരുന്ന ഇരുവർക്കും ഒടുവിൽ‍ മാംഗല്യം. കുണ്ടൂപ്പറമ്പ് ‘ഉജ്ജ്വൽകൃഷ്ണ’യിൽ രാജൻ പുത്തൻപുരയിലിന്റെയും അനിത രാജന്റെയും മകൻ ഉജ്ജ്വൽ രാജിന്റെയും മുംബൈ സ്വദേശിനി ഹേതൽ മോദിയുടെയും വിവാഹമാണ് വെള്ളിയാഴ്ച

നാലു വർഷത്തിലധികം നീണ്ട പ്രണയമാണ് സഫലമായത്. ഓസ്ട്രേലിയയിലെ സ്വകാര്യ കമ്പനിയിലാണ് ഉജ്ജ്വൽ ജോലി ചെയ്യുന്നത്. മുംബൈയിൽ സ്വകാര്യ കമ്പനിയുടെ ഐടി മാനേജരാണ് ഹേതൽ. 2015–16 വർഷത്തിൽ യുകെയിൽ ബിരുദാനന്തര ബിരുദ പഠനകാലത്താണ് ഇവർ പ്രണയത്തിലായത്.

ഏപ്രിൽ 5ന് പുറക്കാട്ടിരി ഹിൽടോപ് ഓഡിറ്റോറിയത്തിലാണു വിവാഹം നടക്കേണ്ടിയിരുന്നത്. ആയിരത്തോളം പേരെ ക്ഷണിക്കുകയും ചെയ്തു. വിവാഹത്തിനു ഒരാഴ്ച മുൻപ് നാട്ടിൽവരാനായിരുന്നു ഉജ്ജ്വൽ തീരുമാനിച്ചിരുന്നത്. എന്നാൽ മാർച്ച് ആദ്യ ആഴ്ചകളിൽ കോവിഡ് ഭീതി പടരാൻ തുടങ്ങി. 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷം വിവാഹത്തിനു അഞ്ചു ദിവസം മുൻപ് പുറത്തിറങ്ങാവുന്ന രീതിയിൽ ഉജ്ജ്വൽ തന്റെ അവധി പുനഃക്രമീകരിച്ചു. അങ്ങനെ മാർച്ച് 17ന് ഉജ്ജ്വൽ വീട്ടിലെത്തി. ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചു.
മുംബൈയിൽനിന്ന് വരുന്ന വധുവും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യപ്രവർത്തകർ നിർദേശിച്ചു. തുടർന്നു വിവാഹത്തലേന്ന് ക്വാറന്റീൻ അവസാനിക്കുന്ന രീതിയിൽ ഹേതലിന്റെ യാത്രാസമയം ക്രമീകരിച്ചു. മാർച്ച് 23ന് വധു ഹേതൽ മോദിയും അമ്മ ചേതനാ മോദിയും കോഴിക്കോട്ടെത്തി.
എന്നാൽ മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇവരും ഉജ്ജ്വലിന്റെ വീട്ടിൽ ക്വറന്റീനിൽ പ്രവേശിച്ചു. എല്ലാ ദിവസവും ആരോഗ്യപ്രവർത്തകർ വിവരങ്ങൾ അന്വേഷിച്ച് വിളിച്ചു. പിന്നീടാണ് വിദേശത്തുനിന്നു വന്നതിനാൽ‍ ഉജ്ജ്വലിന്റെ 14 ദിവസത്തെ ക്വാറന്റീൻ 28 ദിവസമാക്കി മാറ്റിയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചത്.

ലോക്ഡൗണിൽ ഇളവു വന്നെങ്കിലും കോവിഡ് ഭീതി തുടരുന്നതിനാൽ വിവാഹം ഇനിയും നീട്ടിക്കൊണ്ടുപോവേണ്ടെന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കൾ. തുടർന്ന് 15 പേർ മാത്രം പങ്കെടുത്ത ചടങ്ങിൽ ഉജ്ജ്വൽ ഹേതലിനു താലി ചാർത്തുകയായിരുന്നു. ലോക്ഡൗൺകാലത്ത് നാട്ടിൽ ഇത്രയും ദിവസം താമസിച്ചതോടെ മലയാളികളുടെ ഇഷ്്ടവിഭവമായ ചക്കയും കപ്പയുമൊക്കെ ഹേതലിന്റെയും അമ്മയുടെയും പ്രിയ വിഭവങ്ങളായി.

കല്യാണത്തിനു മുൻപ് ഉത്തരേന്ത്യയിൽ നടക്കാറുള്ള ഹൽദിയും മൈലാഞ്ചിയിടലുമൊക്കെ വീട്ടിൽ ആറുപേർ മാത്രം ചേർന്ന് നടത്തി. ഉജ്ജ്വലിന്റെ അനിയത്തി ജ്വൽനയാണ് ഹേതലിനെ മൈലാഞ്ചിയണിയിച്ചത്. ക്വാറന്റീൻ കാലം പിന്നിട്ടതോടെ ഇരുകുടുംബങ്ങളും കളിതമാശകളുമായി ഒറ്റക്കുടുംബമായി മാറിക്കഴിഞ്ഞെന്ന് ഉജ്ജ്വൽ പറഞ്ഞു.
കല്യാണത്തിനു പങ്കെടുക്കാൻ കഴിയാത്തവർക്കൊക്കെ ഉജ്ജ്വൽ ഓൺലൈനായി പുതിയ ഇൻവിറ്റേഷൻ കാർഡ് അയച്ചിരുന്നു. അതിൽ രാവിലെ എട്ടുമണിക്കുള്ള മുഹൂർത്തത്തിൽ സൂം വിഡിയോ കോൺഫറൻസിൽ പങ്കെടുക്കാനുള്ള ‘ഐഡി’യും ‘പാസ്‌വേഡും’ ചേർത്തിരുന്നു. സാധാരണ ദിവസങ്ങളിലായിരുന്നുവെങ്കിൽ യുകെയിലെയോ ഓസ്ട്രേലിയയിലെയോ സുഹൃത്തുക്കൾക്ക് ഈ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഈ ലോക്ഡൗൺ കാലത്തും വിഡിയോ കോൺഫറൻസിലൂടെ എല്ലാവരും വിവാഹം നേരിട്ടുകണ്ടു. ഉജ്ജ്വലിന്റെ എൺപതു വയസുകാരി അമ്മൂമ്മയും പേരക്കുട്ടിയുടെ വിവാഹം ലാപ്ടോപിൽ തൽസമയം കണ്ടതിന്റെ സന്തോഷത്തിലാണ്.

Back to Blog