Blog

ൽആളും ആരവങ്ങളുമില്ലാതെ ലോക്ഡൌണില്‍ ചെമ്പന്‍ വിനോദിന് കല്യാണം



Thursday, 30th Apr, 2020

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തപ്പോഴാണ് താരത്തിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ അറിയുന്നത്. ഇന്‍സ്റ്റഗ്രാമിലും താരം വിവാഹ വിശേഷം പങ്കുവച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ആശംസകളുമായി ആരാധകരുമെത്തി. കോട്ടയം സ്വദേശിയും സൈക്കോളജിസ്‌റ്റുമായ മറിയം തോമസിനെയാണ് ചെമ്പന്‍ വിനോദ് വിവാഹം ചെയ്തിരിക്കുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.അന്ന് വിവാഹ വാര്‍ത്തയോടൊപ്പം താരത്തിന്റെ പ്രതിശ്രുത വധുവിന്റെ ചിത്രവും വിവാഹ രജിസ്ട്രേഷന് മുന്നോടിയായുള്ള നടപടി ക്രമത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആ വാർത്തയിൽ പ്രതികരണവുമായി താരം എത്തിയിരുന്നു. വിവാഹിതനാകുന്നുവെന്ന വാർത്ത സത്യമാണെന്നും എന്നാൽ സോഷ്യൽ മീഡിയയിലൂടെ പരക്കുന്ന ചിത്രങ്ങൾ തന്റെ അറിവോടെയല്ല എന്നും അത് പ്രദർശിപ്പിക്കുന്നതിൽ തനിക്ക് താല്പര്യമില്ല എന്നും താരം പറഞ്ഞു. ആരോ കാണിച്ച് കുസൃതിയാണ് അത് എന്നാണ് താരം പറയുന്നത്. വിവാഹത്തിന്റെ തീയതിയും സ്ഥലവും ഒക്കെ അറിയിക്കാമെന്നും ഏവരുടെയും പ്രാർത്ഥന കൂടെ വേണം എന്നും അന്ന് താരം പറഞ്ഞിരുന്നു.

2010-ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ചെമ്പന്‍ വിനോദ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ടമാര്‍ പഠാര്‍, സപ്തമ ശ്രീ തസ്കര, ഇയ്യോബിന്റെ പുസ്തകം, കലി, പൊറിഞ്ചു മറിയം ജോസ്, ഈമയൌ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Back to Blog