Blog

പ്രണയം തൊട്ട നിമിഷം മുതൽ....



Saturday, 25th Apr, 2020

സ്നേഹത്തിന് കണ്ണില്ല കാതില്ല മൂക്കില്ല എന്നത് വെറുമൊരു പഴഞ്ചൊല്ല് മാത്രമല്ല. അതൊരു സത്യം കൂടിയാണ്. പലപ്പോഴും പ്രണയത്തിലാകുന്ന രണ്ടു പേർ തമ്മിൽ പ്രണയം ആസ്വദിക്കുകയല്ല, അവർ അനുഭവിക്കുകയാണ് ചെയ്യുന്നത്. പ്രണയത്തിലാകുന്ന രണ്ടുപേർ ധീരമായി പൊരുതി ജീവിക്കുകയാണ് എന്ന് വേണം പറയാൻ. കാരണം അവർ രണ്ടു പേർ തമ്മിൽ ജീവിച്ച് തുടങ്ങുമ്പോൾ ലോകം അവർക്ക് എതിരാകുന്നു.

മാതാപിതാക്കൾ, വീട്ടുകാർ, കുടുംബക്കാർ, നാട്ടുകാർ അങ്ങനെ തുടങ്ങിയ എല്ലാ ബന്ധങ്ങളും അവർക്ക് അന്യമായിത്തുടങ്ങുന്നു. പലയിടങ്ങളിൽ നിന്നും എതിർപ്പുകൾ വന്ന് തുടങ്ങും. വിരലിലെണ്ണാവുന്ന കട്ട ചങ്കായ കൂട്ടുകാർ മാത്രം അപ്പോഴും എന്തിനും തയ്യാറായി കൂടെ നിൽക്കും.

എന്നാൽ പലപ്പോഴും പ്രണയങ്ങൾ ഒരു അടിമപ്പെടലിന്റെ വക്കിലാണെന്ന് തോന്നിപ്പോകാറുണ്ട്. കാരണം രണ്ടുപേർ പരസ്പരം അടിമപ്പെടലാണെന്ന് തോന്നിപ്പോകും പല പ്രണയങ്ങളും കണ്ടാൽ. അതിർ വരമ്പുകളും നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെയായുള്ള പ്രണയങ്ങൾ. എന്നാൽ ഇവയിൽ നിന്നൊക്കെ വിത്യസ്തമായ പ്രണയങ്ങളും ഇന്നും നമുക്കിടയിൽ ഉണ്ട് എന്ന് തന്നെ വേണമെങ്കിൽ പറയാം.

പല സിനിമകളിലും കാണിക്കുമ്പോലെ നീയില്ലെങ്കിൽ ഞാനില്ല, ഞാനില്ലെങ്കിൽ നീയില്ല, മരിക്കുന്നെങ്കിലും ജീവിക്കുന്നെങ്കിലും ഒരുമിച്ച് എന്ന തരത്തിലേക്ക് പല പ്രണയങ്ങളും ഇന്ന് വഴി തെറ്റിപ്പോയിട്ടുണ്ട്. പലപ്പോഴും പുറമെ നിന്ന് നോക്കുമ്പോൾ അവരുടെ പ്രണയം അനശ്വരമാണ് എന്നൊക്കെ പറയാമെങ്കിലും എന്ത് മണ്ടത്തരമായിരിക്കും അല്ലെ അത്തരത്തിലുള്ള തീരുമാനങ്ങൾ. ആത്മഹത്യയും കൊലയും ഒക്കെയാണ് ഇപ്പോൾ പ്രണയങ്ങളുടെ നിർവ്വചനമായി വരുന്നത്.


പ്രണയം തകര്ന്നതിന് ശേഷം വീണ്ടും ഒരവസരം ലഭിച്ചാല്

എന്നാൽ നിങ്ങൾ പ്രണയിച്ച് നോക്കിയിട്ടുണ്ടോ, ആദ്യമൊക്കെ യഥാർത്ഥ പ്രണയവും സംരക്ഷണവുമൊക്കെ നിങ്ങളുടെ പങ്കാളിയുടെ പക്കൽ നിന്നുണ്ടാകും. അത് തന്നെ വളരെ കൂടുതലായിരിക്കും. എന്നാൽ പതിയെ പതിയെ അത് കുറഞ്ഞു വരും. ഇനി അങ്ങനെ അല്ലെങ്കിൽ പോലും നിനക്കിപ്പോ എന്നോട് തീരെ സ്നേഹമില്ല എന്ന് പറഞ്ഞ് പരിഭവിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലേക്ക് ഇന്ന് പല പ്രണയങ്ങളും ചുരുങ്ങിയിരിക്കുന്നു.


പ്രണയം തുടങ്ങിയതിന് ശേഷം എപ്പോഴെങ്കിലും നിങ്ങൾക്ക് പ്രണയം പ്രഹസനമായി തോന്നിയിട്ടുണ്ടോ? അവളുടെ ഫോൺ വരുമ്പോൾ 'നാശം ഇവൾക്ക് വിളിക്കാൻ കണ്ട സമയം' എന്ന് മനസ്സാലെ പറഞ്ഞിട്ടുണ്ടോ? തിരക്കിലാണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി കോൾ എടുക്കാൻ മനപ്പൂർവ്വം സമയം വൈകിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ പ്രണയം കുറേക്കൂടി ശക്തമാക്കാൻ സമയമായി എന്ന് വേണം കരുതാൻ.

പ്രണയം തുടങ്ങിയ ആദ്യ ദിവസങ്ങളും മാസങ്ങളുമൊക്കെ വെറും ഉപരിപ്ലവങ്ങൾ മാത്രമായിരിക്കും. പഞ്ചാര വാക്കുകളും ഉമ്മകളും കൊണ്ട് പൊതിഞ്ഞ പ്രണയ നിമിഷങ്ങൾ. ഒന്ന് കൈ കോർത്ത് പിടിക്കാൻ, തോളുരുമ്മി നടക്കാൻ, കാതോരം കളി പറയാൻ കവിളോരം ചേർത്തുമ്മ വെക്കാൻ അങ്ങനെ തുടങ്ങുന്ന ആദ്യഘട്ട പ്രണയം. എന്നാൽ പലപ്പോഴും പലരുടെയും പ്രണയങ്ങൾ അടുത്ത ഘട്ടത്തിലെത്തുമ്പോൾ പതിയെ പതിയെ ഒന്നും അല്ലാതായിത്തീരുകയാണ് ചെയ്യുന്നത്.

പ്രണയം പറയാനുള്ള വഴികള്

സ്നേഹം എങ്ങനെ ശക്തിയുള്ളതാക്കാം എന്ന് നോക്കാം;

സ്നേഹം ശക്തയുള്ളതാക്കാൻ വേറെ വഴികളൊന്നും ഇല്ല, അതിനുള്ള ഒരു വഴി എന്താണെന്ന് പറഞ്ഞാൽ മുഖം മുടിയില്ലാതെ സ്വയം അവതരിപ്പിക്കുക എന്നത് മാത്രമാണ്. പലപ്പോഴും പല കള്ളങ്ങൾ കൊണ്ട് പൊതിഞ്ഞതായിരിക്കും പലരുടെയും പ്രണയങ്ങൾ. കുടുംബ കാര്യത്തിലായിരിക്കും പലരും കൂടുതലായും കള്ളം പറയുക. അല്ലെങ്കിൽ ബന്ധങ്ങളുടെ കാര്യത്തിൽ. പലപ്പോഴും പൂർവ്വകാല പ്രണയങ്ങളിൽ പലതും പലരും കള്ളങ്ങൾ കൊണ്ട് മൂടി വെച്ചതായിരിക്കും. എന്നാൽ അത്തരത്തിൽ ചെയ്യുമ്പോൾ നിങ്ങളുടെ പ്രണയം തകർച്ചയിലേക്ക് പെട്ടെന്ന് തന്നെ പോയേക്കും. അത് കൊണ്ട് നിങ്ങൾ ചെയ്യേണ്ടത് കൂടുതൽ നാട്യമില്ലാതെ മുഖം മുടിയില്ലാതെ നിങ്ങൾ എന്താണോ അത് അവതരിപ്പിക്കുക. തികച്ചും പച്ചയായ നിങ്ങളെ പങ്കാളി ഇഷ്ടപ്പെട്ട് തുടങ്ങിയാൽ പിന്നെ ആ ബന്ധത്തിൽ വിള്ളലുണ്ടാകില്ല എന്ന് മാത്രമല്ല ഒന്നും ഭയപ്പെടേണ്ടതും ഇല്ല.

ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ കുറവുകളും മറ്റും അംഗീകരിച്ച് പ്രണയിക്കാൻ വരുന്ന ഒരാൾ നിങ്ങളെ വിട്ടിട്ട് പോകില്ലെന്ന് അർത്ഥം. ഹൃദയം തുറന്ന് ഒരാളെ സ്നേഹിക്കാൻ തുടങ്ങിയാൽ നിങ്ങൾ എന്താണോ അത് പോലെ ആയിരിക്കുക.



പരസ്പരം ദൌർബല്യങ്ങൾ പറയുക
രണ്ടുപേരുടെയും ദൌർബല്യങ്ങൾ പരസ്പരം അറിഞ്ഞിരിക്കുന്നതും പരസ്പരം പറയുന്നതും വളരെ നല്ലതാണ്. കാരണം പിന്നീട് രണ്ടുപേർ തമ്മിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇത് നല്ലതാണ്. രണ്ടു പേരുടെയും ദൌർബല്യങ്ങളെയും സ്വഭാവസവിശേഷതകളെയും ഭ്രാന്തീയ ചിന്തകളെയും പരസ്പരം അംഗീകരിക്കുകയും അത് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുകയും ചെയ്യുക. പലപ്പോഴും പലർക്കും യാത്രകൾ വളരെ ഇഷ്ടമായിരിക്കും. പലരും പല സ്വപ്നങ്ങളും നെയ്ത് കൂട്ടിയവരായിരിക്കും. ബുള്ളറ്റുള്ള കട്ടത്താടിയുള്ള കാമുകനൊപ്പം ഒന്ന് ഹിമാലയം വരെ പോകണമെന്ന്, വഴിയോരക്കാഴ്ചകളിൽ മതിമതറന്നൊന്നുച്ചത്തിൽ കൂവണമെന്ന്, വഴിയോരക്കച്ചവടക്കാർക്കൊപ്പം നിന്ന് ഒരു സെൽഫി പകർത്തണമെന്ന്, എല്ലാം വിളിച്ച് പറഞ്ഞ് ഫേസ്ബുക്കിൽ നാലഞ്ച് ലൈക്കും കമന്റ് വാങ്ങിക്കണമെന്ന്....

ഇങ്ങനെ കൊച്ചു കൊച്ചു ഭ്രാന്തമായ ചിന്തകളുമായി നടക്കുന്നവരായിരിക്കും പലപ്പോഴും നമ്മളിൽ പലരും. അത്തരത്തിലുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്കിടയിലെ ബന്ധത്തിന്റെ തീവ്രത വർധിപ്പിക്കും.

സ്വന്തം കുറവുകൾ പങ്കാളി മനസ്സിലാക്കുന്നതിൽ തെറ്റില്ല എന്ന് തീരുമാനിക്കുന്നതോടെ നിങ്ങളുടെ പ്രണയം പൂർണ്ണമാകുകയാണ് ചെയ്യുന്നത്. മാത്രമല്ല നിങ്ങളുടെ യഥാർത്ഥ മുഖം നിങ്ങളുടെ പങ്കാളിയുടെ അടുക്കൽ പ്രദർശിപ്പിക്കാൻ ശ്രമിക്കുക. അമിതമായ മേക്കപ്പുകളൊക്കെ വാരിത്തേച്ച് കൂടുതൽ ആകർഷിപ്പിക്കാമെന്ന് വിചാരിക്കുന്നത് അത്ര നല്ലതല്ല. കൂടാതെ ദേഷ്യം തോന്നിയാൽ ദേഷ്യപ്പെടണം.

പ്രണയം നിങ്ങളുടെ ജീവിതത്തിൽ മറക്കാനാകാത്തൊരു അനുഭവമാണ്. അത് ആസ്വദിക്കുകയല്ല വേണ്ടത് അനുഭവിക്കുകയാണ് വേണ്ടത്.

Back to Blog