Blog

കണ്ടുപഠിക്കാൻ മാതൃകയാക്കാൻ ഇതാ ഒരു കല്യാണം



Friday, 24th Apr, 2020

എലവഞ്ചേരി: വിവാഹ ചടങ്ങുകളിൽ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നത് ഇന്നു പുതുമയല്ല. എന്നാൽ കൊട്ടയങ്കാട് പഴനിമല–ചന്ദ്രിക ദമ്പതികളുടെ മകനും ചെന്നൈയിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ സീനിയർ എൻജിനിയറിങ് അസിസ്റ്റന്റുമായ സനലും ചിറ്റൂർ വിളയോടി വാസു–പങ്കജം ദമ്പതികളുടെ മകളും കന്നിമാരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഗെസ്റ്റ് അധ്യാപികയുമായ ധന്യയും ഇന്നു നടക്കുന്ന വിവാഹവും സൽക്കാരവും വേറിട്ട മാതൃകയിൽ ഒരുക്കുകയാണ്.

വിത്തുകൾ ഉൾപ്പെടുത്തിയ പേപ്പറിൽ അച്ചടിച്ച പത്രിക നൽകി ക്ഷണം. വിവാഹ സൽക്കാരത്തിന് ഉപഹാരമായി ലഭിക്കുന്ന തുക സൽക്കാര വേദിയിൽ നിന്ന് ഓൺലൈനായി സൈനികരുടെ കുടുംബത്തിന്റെ പുനരധിവാസത്തിനായി ഭാരത് കി വീർ കോർപസ് ഫണ്ടിലേക്കു ടാൻസ്ഫർ ചെയ്യും. ടെറിട്ടോറിയൽ ആർമിയുടെ ബംഗാൾ റെജിമെന്റിൽ ശിപായി റാങ്കിൽ ജവാൻ കൂടിയാണു വരൻ സനൽ.

അലങ്കരിച്ച കെഎസ്ആർടിസി ബസിലാണു കൊട്ടയംകാട്ടിലെ വീട്ടിൽ നിന്നു വധുഗൃഹത്തിലേക്കും തിരിച്ചും യാത്ര. സ്നേഹ സദൻ, നെന്മാറ ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലെ കുട്ടികൾ വിവാഹ സൽക്കാരത്തിൽ അതിഥികളാവും. സദ്യയുടെ അവശിഷ്ടങ്ങൾ ജൈവ വളമാക്കി നാട്ടിലെ കർഷകർക്കു വിതരണം ചെയ്യും. വിവാഹ അലങ്കാരങ്ങൾ പൂർണമായും പ്രകൃതി സൗഹൃദമായിരിക്കും.

ക്ഷണം സ്വീകരിച്ചെത്തുന്നവർക്കു തുണി സഞ്ചി, തേക്കിൻതൈ, പച്ചക്കറി വിത്തുകൾ, വിത്ത് ഉണ്ട, വിത്തുകൾ ഉൾപ്പെടുത്തിയ പേപ്പർ പേനകൾ എന്നിവ സമ്മാനമായി നൽകും. ലളിതമായ ഫാൻസി ആഭരണങ്ങൾ മാത്രം അണിഞ്ഞു സ്വർണവും മറ്റ് ഉപഹാരങ്ങളും ഒഴിവാക്കിയാകും വധു ചടങ്ങുകളിൽ നിൽക്കുകയെന്നു വരൻ സനൽ മനോരമയോടു പറഞ്ഞു.

Back to Blog