Blog

ലോക്ക് ഡൗണിൽ കല്യാണം കഴിക്കാം, സൂം വേദിയാകും



Thursday, 23rd Apr, 2020

അപ്രതീക്ഷിതമായി വന്ന കൊറോണ തകിടം മറിച്ചത് ലോകത്തെ സാമ്പത്തിക മേഖലയെ മാത്രമല്ല പലരുടെയും വിവാഹസ്വപനങ്ങളെയും കൂടിയാണ്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്ത് മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ മുടങ്ങാതിരിക്കാൻ അപൂർവ്വമായ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ന്യൂയോർക്ക് ഗവർണ്ണർ. കോവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച യുഎസ് സംസ്ഥാനമായ ന്യൂയോർക്കിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ വൈറസ് തടസപ്പെടുത്തിയതോടെയാണ് ഗവർണ്ണർ ആൻഡ്രൂ കുമോ പുതിയ നടപടിയുമായെത്തിയത്. ഓണ്‍ലൈന്‍ വിവാഹത്തിനാണ് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോ അനുമതി നല്‍കിയിരിക്കുന്നത്.

യുഎസ് സ്റ്റേറ്റിലുള്ളവര്‍ക്കാണ് ഇത്തരത്തില്‍ ഓണ്‍ലൈനായി വിവാഹം കഴിക്കാൻ അനുമതി നല്‍കിയിരിക്കുന്നത്, വെർച്വലായി നടത്തുന്ന ഇത്തരം വിവാഹങ്ങൾക്ക് ലൈസൻസും നൽകും. മെയ് 15 വരെ ലോക്ക്‌ഡൌണ്‍ നീട്ടിയതിന് പിന്നാലെയാണ് കൂമോവിന്റെ പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സിങ്ങിന് ഉപയോഗിക്കുന്ന സൂം ആപ്പിലൂടെയാകും ഇനിയുള്ള വിവാഹങ്ങള്‍ നടക്കുക. വിവാഹത്തിന് ശേഷം വീട്ടിൽ കഴിയണമെന്നും വിവാഹ സൽക്കാരങ്ങൾ ലോക്ക് ഡൗൺ കഴിഞ്ഞതിന് ശേഷം മാത്രം നടത്തിയാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

ന്യൂയോര്‍ക്ക് മാത്രമല്ല ഇത്തരത്തില്‍ കൊറോണ കാലത്ത് ഓണ്‍ലൈന്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. യുഎഇയിലും സമാനരീതിയില്‍ വിവാഹത്തിന് അനുമതി നല്‍കിയിരുന്നു. കേരളത്തിലും ഈ ലോക്ക് ഡൗൺ കാലയളവിൽ ഒരുപാട് വിവാഹങ്ങളും വിവാഹ നിശ്ചയ ചടങ്ങുകളും സൂം ആപ്ലിക്കേഷൻ വഴി നടക്കുന്നുണ്ട്. സൂം എന്ന സിലിക്കൺ വാലി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പിന്റെ ആപ്പിൻ്റെ ഉപയോഗം കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ വർധിച്ചിരുന്നു. കൊറോണ വൈറസ് ലോക്ക്ഡൗണിനിടയിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത ആൻഡ്രോയ് ആപ്ലിക്കേഷനാണ് വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ സൂം.


സൂമിന്റെ ബേസ് പതിപ്പിൽ 50 ആളുകളെ വരെ ഒരു വീഡിയോ കോൺഫറൻസ് കോളിൽ ചേരാൻ അനുവദിക്കുന്നു. നിലവിൽ വിപണിയിൽ പത്തിൽ കൂടുതൽ ആളുകളെ ഒരു കോളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ഏതാനും ചില ആപ്ലിക്കേഷമുകളിൽ ഒന്നാണ് സൂം. ഇതുകൊണ്ട് തന്നെയാണ് പ്രൊഫഷണലുകൾക്കും ഇപ്പോൾ വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കും ഒറ്റരാത്രികൊണ്ട് ഈ ആപ്ലിക്കേഷൻ ഏറ്റവും പ്രിയങ്കരമായി മാറിയത്. കിംഗ് ഓഫ് ക്വാറൻ്റെെൻ ഇക്കണോമി എന്നാണ് ആഡ് വീക്ക് സൂമിനെ വിശേഷിപ്പിക്കുന്നത്. ജനപ്രീതിക്കൊപ്പം വിമർശനങ്ങളും ആപ്പിനെതിരെയുണ്ട്.

Back to Blog