Blog

പ്രണയത്തിന്റെ ' സൈക്കോളജി



Thursday, 23rd Apr, 2020

സ്നേഹമെന്ന തീഷ്ണ വികാരം മനുഷ്യജീവിത്തിലെ മഹാരഹസ്യങ്ങളിലൊന്നാണ്. അതില് പ്രണയമെന്നതോ പൂര്ണ്ണമായും മനസ്സിലാക്കാനോ, വിശദീകരിക്കാനോ കഴിയാത്ത, നമ്മളെ വല്ലാതെ കുഴയ്ക്കുന്ന ഒരത്ഭുത പ്രതിഭാസവും.


ഏറെ വൈജാത്യങ്ങളുള്ള സ്നേഹബന്ധങ്ങള് മനുഷ്യര്ക്കിടയില് ഇന്ന് നിലനില്ക്കുന്നുണ്ട്. മനുഷ്യപരിണാമത്തിന്റെ ഇടയില് എപ്പോഴോ ഉടലെടുത്ത പ്രണയമെന്ന വികാരാനുഭവത്തെ മേറ്റേത് സ്നേഹബന്ധങ്ങളില് നിന്നും വേര്തിരിച്ച് കാണേണ്ടതുണ്ട്.


പ്രണയമോ, പ്രണയാനുഭവങ്ങളോ ഇല്ലാത്തവരായി ആരും തന്നെയില്ല. സ്വന്തം പ്രണയത്തെ തുറന്ന് പറയാനിഷ്ടപ്പെടാതെ, പ്രണയാനുഭവങ്ങള് മനസ്സില് കൊണ്ടു നടക്കുന്നവരെങ്കിലും ഉണ്ടാകുമെന്നുറപ്പാണ്. മറ്റാര്ക്കും പങ്ക് വെച്ച് കൊടുക്കാനാകാത്ത ഒരു സ്വകാര്യ അനുഭവമായി അത് പലപ്പോഴും നമ്മുടെ മനസ്സിനെ വീര്പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു.


പ്രണയം പോലെ മനസ്സിന് സന്തോഷവും, ആഹ്ലാദവും തരുന്ന മറ്റൊരു വികാരാനുഭവവും ഇല്ലായെന്ന് തന്നെ പറയാം. എന്നാല് എന്തുകൊണ്ടാണ് ഒരു വ്യക്തിയോട് മാത്രം വല്ലാത്ത അടുപ്പം തോന്നുന്നത്? മണിക്കൂറുകളോളം ഫോണില് സംസാരിച്ചിട്ടും മതി വരാത്തത്? പ്രണയിനിയോടൊപ്പമുള്ള നിമിഷങ്ങള് ഒരിക്കലും അവസാനിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്നത് ? കൗതുകം നിറഞ്ഞ ഇത്തരം ചോദ്യങ്ങള് ചോദിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.


എന്നാല് ഇത്തരം ചോദ്യങ്ങളെ പലപ്പോഴും ശാസ്ത്രീയമായ കാഴ്ചപ്പാടോടെ മനസ്സിലാക്കാനോ വിശദീകരിക്കാനോ ശ്രമിക്കാതെ വെറുമൊരു വൈകാരിക അനുഭവമായി തള്ളിക്കളയുകയാണ് പതിവ്. പ്രണയ തിരസ്കരണം കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും എത്തിച്ചേരുന്ന ആ കാലഘട്ടത്തില് പ്രണയത്തെ സംബന്ധിച്ച് നിലനില്ക്കുന്ന പരമ്പരാഗത വിശ്വാസങ്ങളെ മാറ്റിവെച്ച് എന്തുകൊണ്ടാണ് മനുഷ്യന് പ്രണയത്തിനുവേണ്ടി ജീവിതം തന്നെ അവസാനിപ്പിക്കാന് തയ്യാറാകുന്നതെന്ന് ശാസ്ത്രീയമായി അന്വേഷിക്കേണ്ടതുണ്ട്.


പ്രണയവും മസ്തിഷ്കവും.


പ്രണയത്തെപ്പറ്റിയും, മനുഷ്യന്റെ ലൈംഗികതയെപ്പറ്റിയും നിരവധി പഠനങ്ങള് നടത്തിയിട്ടുള്ള ആന്ത്രപ്പോളജിസ്റ്റാണ് റുട്ട്ഗ്രസ് (Rutgers) യൂണിവേഴ്സിറ്റിയിലെ ഹെലന് ഫിഷര് (Hellen Fisher) പ്രണയത്തിന് പിന്നിലുള്ള മസ്തിഷ്കത്തിന്റെ വഴിച്ചാലുകളെ കണ്ടെത്തുന്നതിനായി ഹെലന് നടത്തിയ പരീക്ഷണം രസകരമാണ്. Why w-e loe എന്ന പുസ്തകത്തിലൂടെ ഹെലന് തന്റെ പരീക്ഷണം വിവരിക്കുന്നുണ്ട്.


ഹെലന് തന്റെ പരീക്ഷണങ്ങള്ക്കായി തിരഞ്ഞെടുത്തത് ഒരു കൂട്ടം ഗാഢപ്രണയിതാക്കളെ തന്നെയായിരുന്നു. ഇവരെ ഓരോരുത്തരേയും കുറച്ച് സമയത്തേക്ക് അവര് പ്രണയിക്കുന്ന വ്യക്തിയുടെ ഫോട്ടോയിലേക്ക് നോക്കി ഇരിക്കാന് അനുവദിച്ചു. തുടര്ന്ന് പ്രണയ ചിന്തകള് മനസ്സില്നിന്നു മായ്ക്കാന് ചില കണക്കുകള് നല്കി.


അല്പനേരത്തിന് ശേഷം ഒട്ടും താല്പര്യമില്ലാത്ത ഒരു പരിചയക്കാരന്റെ ഫോട്ടോയാണ് നല്കിയത്. ഓരോ ഫോട്ടോയിലേക്കും നോക്കുമ്പോഴും മസ്തിഷ്കത്തില് ഉണ്ടാകുന്ന വ്യതിയാനങ്ങള് മാഗ്നറ്റിക്ക് റെസോണന്സ് ഇമേജിംഗ് (MRI) ഉപയോഗിച്ച് കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു.


പ്രണയിക്കുന്ന ആളുടെ ചിത്രത്തിലേക്ക് നോക്കിയിരുന്ന കമിതാക്കളുടെ വെന്ട്രല് ടഗ്മെന്റ് ഏരിയാ, ന്യൂക്വിയസ് അക്യുബെന്സ് എന്നിവ കൂടുതല് പ്രവര്ത്തനക്ഷമമായിരുന്നുവെന്ന് കണ്ടെത്തി. കൊക്കെയിന് പോലുള്ള മയക്കുമരുന്നുകള് കഴിക്കുമ്പോള് ഉത്തേജിതമാകുന്ന അതേ മസ്തിഷ്ക ഭാഗങ്ങള് തന്നെയാണ് പ്രണയത്തിന് പിന്നിലെന്നും ഹെലെന് കണ്ടെത്തി.


പ്രണയമെന്നത് മാനസികമായ കീഴടങ്ങലിലേക്ക് എത്തിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്ക്ക പ്രവര്ത്തനങ്ങളെ മുന്നിര്ത്തി പ്രണയമെന്നത് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ പറയേണ്ടി വരും. ആദ്യ പ്രണയത്തെ മറക്കാന് കഴിയാത്തതും, ഇഷ്ടപ്പെട്ടു പോയതിനെ എന്ത് വിലകൊടുത്തും കൈക്കലാക്കാനും നമ്മെ പ്രേരിപ്പിക്കുന്നത് വെന്ട്രല് ടെഗ്മെന്റ് ഏരിയയും ന്യൂക്വിയസ് അക്യുബെന്സും കൂടിച്ചേര്ന്നാണ്.


ഈ രണ്ട് മസ്തിഷ്ക ഭാഗത്തിന് പുറമേ, കൗഡേറ്റ് ന്യൂക്ലിയസ് എന്ന മസ്തിഷ്ക ഭാഗവും പ്രണയാനുഭവങ്ങള്ക്ക് പിന്നില് പ്രവര്ത്തിക്കുന്നുണ്ടെന്ന് ഹെലന് പറയുന്നു. പ്രണയിക്കാനുള്ള പ്രേരണ നല്കുന്ന മസ്തിഷ്ക ഭാഗമാണ് കൗഡേറ്റ് ന്യൂക്ലിയസ്. അനുരാഗത്തിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നതിനു പിന്നില് മസ്തിഷ്കത്തിലെ ന്യൂറോ ട്രാന്സ്മിറ്ററുകള് ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.

പ്രണയത്തെ ആത്യന്തികമായി അനുഭൂതിയിലേക്ക് എത്തുക്കുന്നതിന് ഡോപ്പാമിന് എന്ന ന്യൂറോട്രാന്സ്മിറ്റര് വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് ആല്ബര്ട്ട് ഐന്സ്റ്റീന് യൂണിവേഴ്സിറ്റിയിലെ ന്യൂറോളജിസ്റ്റായ ലൂസി ബ്രൗണ് പറയുന്നു. കൗഡേറ്റ് ന്യൂക്ലിയസിനെ ഉത്തേജിപ്പിക്കുന്നത് ഈ ന്യൂറോട്രാന്സ്മിറ്ററാണ്.


ഡോപ്പാമിന്റെ പ്രവര്ത്തനം ലഹരി പദാര്ത്ഥത്തിന് സമാനമായ ഒന്നു തന്നെയാണെന്ന് പറയേണ്ടി വരും. വര്ഷങ്ങള് എത്ര കഴിഞ്ഞാലും ആദ്യ പ്രണയിനിയെ മറക്കാന് കഴിയാത്തതും, അതിനെ സംബന്ധിച്ചുള്ള ഓര്മ്മകള് വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്നു വരുന്നതുമൊക്കെ ഡോപ്പാമിന്റെ പ്രവര്ത്തനം മൂലമാണ്.


അതുകൊണ്ട് ആദര്ശങ്ങളും മൂല്യങ്ങളും മാറ്റിവെക്കാനും എന്തിനേറെ കൊല്ലാനും, മരിക്കാനും മനുഷ്യന് തയ്യാറാകുന്നതിനും കാരണം തികച്ചും ജൈവീകമാണ്. അതുകൊണ്ട് പ്രണയത്തിന് വേണ്ടി ആത്മഹത്യ ചെയ്യുന്നവരെയോര്ത്ത് അത്ഭുതപ്പെടേണ്ട എന്ന് ലൂസി ബ്രൗണ് പറയുന്നു.

മനുഷ്യന്റെ പ്രണയത്തെ മനശാസ്ത്രപരമായി പല രീതിയില് വിശദീകരിക്കാന് കഴിയുമെങ്കിലും, അടിസ്ഥാനപരമായി മൂന്ന് വ്യത്യസ്ത ഘടകങ്ങളുടെ കൂട്ടായ്മയാണ് സ്നേഹവും പ്രണയവുമൊക്കെ. പ്രണയത്തെക്കുറിച്ച് നിരവധി പഠനങ്ങള് നടത്തിയിട്ടുള്ള ആളാണ് റോബര്ട്ട് സ്റ്റേണ്ബര്ഗ്.


അദ്ദേഹം തന്റെ ട്രയാങ്കുലര് തിയറി ഓഫ് ലവിലൂടെ ഈ ഘടകങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ശാരീരിക സാമീപ്യം (Intimacy), പരസ്പരധാരണയോട് കൂടിയ വിശ്വാസം(Commitment), ലൈംഗികപരമായ തൃഷ്ണ (Passion) എന്നിവയാണ് പ്രണയത്തെ മുന്നോട്ട് കൊണ്ട് പോകുന്ന ഘടകങ്ങള്. എന്നാല് ഈ ഘടകങ്ങളിലുണ്ടാകുന്ന പൊരുത്തക്കേടുകള് പ്രണയത്തിന്റെ തകര്ച്ചയിലേക്ക് നയിക്കാം.


സ്വന്തം പ്രണയിനിയുടെ സാമിപ്യം അടുത്തില്ലെങ്കില് പോലും, മറ്റൊരിണയെ തേടി പോവാതെ പ്രണയത്തെ മുന്നോട്ട് കൊണ്ടുപോകാന് കഴിയും. പരസ്പര ധാരണയോടു കൂടിയ വിശ്വാസത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.


എന്നാല്വിശ്വാസത്തിന്റെ അഭാവം, ശാരീരികമായ അസാന്നിദ്ധ്യം എന്നിവയൊക്കെ പ്രണയത്തിന്റെ തീവ്രതയെ കുറയ്ക്കുകയും, ബോധപൂര്വ്വമായി പ്രണയത്തില്നിന്നു പിന്മാറാന് നമ്മെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. ഇത്തരം തീരുമാനങ്ങളിലേക്ക് എത്തപ്പെടുന്നതിനു പിന്നില് വ്യക്തിപരവും സാമൂഹികപരവുമായ, ഒരുപാട് കാരണങ്ങള് ഉണ്ടാകാം.


എന്നാല്, പ്രണയ തിരസ്കരണം നടക്കുമ്പോള് നാം മാനസികകമായി തകര്ന്നു പോകുന്നു. നിരാശയില് തുടങ്ങി ഒടുവില് ആത്മഹത്യയില് നാം എത്തിച്ചേരുന്നു. പ്രണയ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് വിഷമം പിടിച്ച സംഗതിയാണെന്ന് ഹെലന് പറയുന്നുണ്ട്. നാം എത്രയൊക്കെ ശ്രമിച്ചാലും പ്രണയ നഷ്ടം ഏല്പിച്ച മുറിവുകളില് നിന്നും കരകയറാന് അല്പം കാലതാമസം എടുക്കാം.


നാമൊക്കെ സ്നേഹിക്കുന്നതിനും, പ്രണയിക്കുന്നതിന് പിന്നിലുള്ള മസ്തിഷ്ക പ്രവര്ത്തനങ്ങള് വളരെ സങ്കീര്ണ്ണത നിറഞ്ഞതാണ്. ജൈവീകമായ വിശകലനങ്ങളില് മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല അത്. സാമൂഹികപരമായ ഒരുപാട് കാരണങ്ങള് ഓരോ വ്യക്തിയുടേയും പ്രണയത്തെ വ്യത്യസ്തമാക്കുന്നുണ്ട്.


പ്രണയം എന്നത് മരണത്തില് കലാശിക്കുന്ന ഒന്നാണെന്നുള്ള തരത്തിലുള്ള സംഭവങ്ങള് നമ്മുടെ ചുറ്റും അരങ്ങേറുമ്പോള് പ്രണയത്തിന് പിന്നിലുള്ള ശാസ്ത്രീയ വശങ്ങളെ മനസ്സിലാക്കുന്നത് കൂടുതല് ഗുണം ചെയ്യുന്ന ഒന്നാണ്.

Back to Blog