Blog

എന്താണ്, പ്രണയം...



Wednesday, 22nd Apr, 2020

പ്രണയം എന്നാൽ എന്താണ് ?‎
ലോകഭാഷകളിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ എഴുതപ്പെട്ടിട്ടുള്ളത് ‎
പ്രണയത്തെക്കുറിച്ചുതന്നെയാവും.‎
അനുഭവത്തിൽനിന്നും അനുമാനത്തിൽനിന്നും എനിക്കുപറയുവാൻ ‎തോന്നുന്നത് ‎
‎' പുഴുവിനെ പൂമ്പാറ്റയാക്കുന്ന മായാജാലമാണ് പ്രണയ ' മെന്നാണ്.‎
കാരണം , താനിഷ്ടപ്പെടുന്നയാൾ തന്നെയും ഇഷ്ട്ടപ്പെടുന്നു എന്നു ‎തിരിച്ചറിയുന്ന ആ അനുപമ നിമിഷനുണ്ടല്ലോ, ‎
ആ നിമിഷംമുതൽ പ്രണയിക്കപ്പെടുന്നവർ പുതിയമനുഷ്യരായ് ‎പരിഷ്‌ക്കരിക്കപ്പെടുകയാണ്;‎
വേഷത്തിൽ , ഭാഷണത്തിൽ ,ചലനത്തിൽ , സ്വഭാവത്തിൽ ., അവർ ‎അടിമുടി പുതുക്കപ്പെടുന്നു.‎
‎'പുഴുവിനെ പൂമ്പാറ്റയാക്കുന്ന മായാജാലം ' എന്നുപറഞ്ഞത് ‎അതുകൊണ്ടാണ്.‎
സ്വന്തം സ്നേഹം സ്വീകരിക്കപ്പെടുന്ന ആ മുഹൂർത്തത്തിൽ ‎പ്രണയിനികൾക്ക് സ്വർഗ്ഗ ത്തിൻറെ ചിറകുകൾ മുളയ്ക്കുന്നു.‎
നിലാവുപോലെ ഭാരരഹിതമായ , അദൃശ്യമായ ചിറകുകൾ !‎
ഏതൊരു പരുക്കൻ മനുഷ്യനേയും പ്രണയം കാല്പനീകനാക്കുന്നു. ‎
പ്രണയിക്കുന്നവർക്ക് ഒറ്റ ഋതു വേയുള്ളു ; വസന്തം !‎
ചുട്ടുപൊള്ളുന്ന ഗ്രീഷ്മവെയിൽ അവർക്കു പൂനിലാവാണ്‌.‎
കാലവർഷം , പുഷ്‌പവൃഷ്ടിയും ! ‎
പ്രണയത്തിൽ ഒരുവാഗ്ദാനമുണ്ട് ; ഞാൻ നിൻറേതാണ് എന്നവാഗ്ദാനം. ‎
പ്രണയത്തിൽ ഒരു ഉടമ്പടിയുണ്ട് ; ഞാൻ നിനക്കുവേണ്ടി കാത്തിരിക്കാമെന്ന ‎ഉടമ്പടി .‎
പക്ഷെ ഈ വാഗ്ദാനം സഫലമാകാത്തിടത്തോളമേ പ്രണയത്തിന് ‎ആയുസ്സ് ഉള്ളുവെന്നതാണ് അതിൻറെ വിരോധാഭാസം ‎
എന്തുകൊണ്ടെന്നാൽ , അടുക്കുവാനാകാത്ത ശരീരങ്ങൾക്കിടയിലെ ‎അകലങ്ങളിൽ അലയടിക്കുന്ന ആകർഷണമാണ്
യഥാർത്ഥത്തിൽ ‎പ്രണയം !‎
അകലുംതോറും ആഴം കൂടുന്ന മഹാസാഗരം !‎
വിവാഹത്തിലൂടെയോ അല്ലാതെയോ ശരീരം കൊണ്ട് ഒന്നായി , ഉണരുന്ന ‎ആ നിമിഷം പ്രണയത്തിൻറെ ലോലമായ ചിറകുകൾ തങ്ങളിൽനിന്ന് ‎ഊർന്നുപോയതായ് പ്രണയിച്ചിരുന്നവർ തിരിച്ചറിയുന്നു.‎
പിന്നീട് അവർക്കിടയിൽ സ്നേഹമുണ്ടാവാം , പക്ഷേ , പ്രണയം ‎ഉണ്ടാവില്ല .‎
അതിനാൽ , പ്രണയത്തിൽ കൈകൾ കോർത്തുപിടിച്ച് മരണത്തെ ‎പുല്കിയവരോ , പ്രണയമൂർച്ചയിൽ ‎
ഭ്രാന്തു പിടിച്ചവരോ അത്രേ പ്രണയത്തെ ശാശ്വതീകരിച്ചവർ !‎
പ്രണയത്തിൻറെ അനശ്വര സ്വർഗ്ഗത്തിൽ അലിഞ്ഞുചേർന്ന അവർക്ക് ‎മരണമില്ല ; സാഹിത്യത്തിലും ,സിനിമയിലും , ജീവിതത്തിലും .‎

Back to Blog