Blog

പ്രണയം പറയാനുള്ള വഴികള്‍ ഇതാണ്, അല്ലാതെ മനസ്സില്‍ കൊണ്ട് നടക്കരുത്!



Wednesday, 22nd Apr, 2020

പ്രണയം പുഴ പോലെയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും. ഓരോ കരകളേയും തൊട്ടും തലോടിയും അതങ്ങനെ നീങ്ങും. ചിലപ്പോള്‍ ചെറു സുഖവും ചെറു ദുഖങ്ങളും സമ്മാനിച്ച് അവ പോകും. എന്നാല്‍ ചിലപ്പോള്‍ ആര്‍ത്തലച്ച് വന്ന് എല്ലാം ഇല്ലാതാക്കിക്കളയും. സുഖ ദുഖങ്ങളുടെ സമ്മിശ്ര വേദിയായ പ്രണയം അനുഭവിക്കാത്തവരായിട്ടാരുമുണ്ടാകില്ല. അനുഭവിച്ചൊടുവില്‍ നിരാശരായവരും കുറവല്ല.

എന്നാല്‍ ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത് തുറന്നു പറയുക എന്നത് ഒരു കീറാമുട്ടി തന്നെയാണ്.

പ്രണയിക്കുമ്പോള്‍ പലരും സ്വപ്ന ലോകത്തായിരിക്കും. അവര്‍ ചെയ്യുന്നതൊക്കെയും യാന്ത്രികമായിരിക്കും. വായുവിലിങ്ങനെ ഒഴുകി ഒഴുകി നടക്കുകയാണെന്ന് തോന്നും.

എന്നാല്‍ എത്ര ധൈര്യ ശാലിയും പ്രണയത്തിന് മുന്നില്‍ ഒന്ന് പതറും. കൂട്ടുകാര്‍ക്കിടയിലെ ഏറ്റവും ധൈര്യശാലിയുടെ പ്രണയം പറയുന്ന സീന്‍ ചിരിക്കാനുള്ള വകയുണ്ടാകും. പ്രണയം പറയാന്‍ അവളുടെ മുന്നിലെത്തുമ്പോള്‍ തന്നെ മുട്ടിടിച്ചു തുടങ്ങുന്ന അനുഭവമായിരിക്കും. അത് കൊണ്ട് തന്നെ പലപ്പോഴും പ്രണയം പറയാനെന്നും പറഞ്ഞ് ധൈര്യമായി അവളുടെ മുന്നില്‍ ചെന്ന് നിന്ന് ഒടുവില്‍ മുട്ടിടിച്ച് തിരിച്ചു പോരേണ്ടി വന്നിട്ടുള്ളവരായിരിക്കും ചിലരെങ്കിലും.

പെണ്‍കുട്ടിയോട് പ്രണയം പറയുക എന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു കീറാമുട്ടി തന്നെയാണ്. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച് പറയാന്‍ വയ്യാതെ നടക്കുന്നും ഉണ്ടാകും. ദൂരെ നിന്ന് ആരും അറിയാതെ അവളൊന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് കൂട്ടൂകാരോടൊപ്പം നില്‍ക്കുന്നവര്‍.

പെണ്‍കുട്ടിയോട് പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയം പറയുമ്പോള്‍ പേടിച്ച് വിറച്ചൊടുവില്‍ അവള്‍ തിരിച്ച് പ്രണയിക്കുന്നതിന് പകരം പിന്നീടൊരിക്കലും മുഖത്ത് നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടിപ്പിച്ചാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ?

നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതി പോലും അവളുടെ മനസ്സിലുടക്കും. അതു കൊണ്ട് തന്നെ വെറുതെ ഒരു ഐ ലവ് യു എന്ന വാക്കില്‍ പ്രണയം ഒതുക്കാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതായിരിക്കും നിങ്ങള്‍ക്ക് നല്ലത്.

ഇടയ്ക്കിടെയുള്ള പ്രണയാഭ്യര്‍ത്ഥന

ഇടയ്ക്കിടെ പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതാണ് ഇത്. നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതായിരിക്കും ഏറ്റവും ഗുണകരം. പലപ്പോഴും പേടി കാരണം ഒറ്റ ശ്വാസത്തില്‍ എന്തൊക്കെയോ പറഞ്ഞ് തീര്‍ത്ത് പോകുന്ന ഏര്‍പ്പാടാണ് പല പ്രണയങ്ങളിലും കണ്ടു വരുന്നത്. എന്നാല്‍ ഇത് ചിലപ്പോള്‍ സക്‌സസായേക്കാം, അല്ലെങ്കില്‍ ചീറ്റിപ്പോകാനുമുള്ള സാധ്യത വളരെ ഏറെയാണ്. അതു കൊണ്ട് തന്നെ പറയാനുള്ള കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീര്‍ക്കാതെ സാവധാനം പടിപടിയായി പറയുക.


എവിടെ വെച്ച്, എപ്പോള്‍, എങ്ങനെ പ്രണയം പറയണം?

നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെ വെച്ച് എങ്ങനെ എപ്പോള്‍ പ്രണയം പറയണമെന്ന് നന്നായി ആലോചിച്ച് തീരുമാനിക്കും. നിങ്ങള്‍ പ്രണയം തുറന്നു പറയുന്നതിനെക്കുറിച്ച് നന്നായി ആലോചിച്ച് തീരുമാനിക്കുക. എന്നിട്ട് വേണം ഇഷ്ടം തുറന്നു പറയാന്‍. പ്രണയം പറയാന്‍ ഏറ്റവും നല്ലത് എതെങ്കിലും വിശേഷ ദിവസങ്ങളായിരിക്കും. പ്രത്യേക ദിവസത്തിലാണ് പ്രണയം പറയാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവളുടെ ജന്മദിനമോ മറ്റു സന്തോഷ നിമിഷങ്ങളോ തെരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അത്തരം നിമിഷങ്ങള്‍ വളരെ വിലപ്പെട്ട ഒരു സമ്മാനം കൂടി കരുതുന്നത് നല്ലതായിരിക്കും. നിങ്ങളുടെ പ്രണയത്തിലെ ആദ്യ നിമിഷം ഏറ്റവും മധുരമുള്ളതാക്കാന്‍ ഇത് സഹായിക്കും.

പ്രണയം എപ്പോള്‍ പറയണം എന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍ എവിടെ വെച്ച് എന്ന് കൂടി തീരുമാനിക്കണം. റസ്റ്റോറന്റില്‍ വെച്ചാണെങ്കില്‍ ഏത് റെസ്‌റ്റോറന്റ് അല്ലെങ്കില്‍ കോളേജില്‍ വെച്ചാണെങ്കില്‍ ഏത് ഇടനാഴിയില്‍, ഏത് പ്രണയ മരച്ചോട്ടില്‍, ഏത് ക്ലാസ് മുറിയില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത് തെരഞ്ഞെടുക്കുക.

കാര്യം തുറന്നു പറയുക

എന്ത് പറയണം എപ്പോള്‍ പറയണം എവിടെ വെച്ച് പറയണം എന്നതിന് ശേഷം ഇതിനൊക്കെ വേണ്ടി തയ്യാറാകുക. എല്ലാം പ്ലാന്‍ ചെയ്ത് ഒടുവില്‍ അവളുടെ മുമ്പിലെത്തുമ്പോള്‍ ബ..ബ..ബ.. അടിച്ചു കഴിഞ്ഞാല്‍ അതോടെ തീരും. അത് കൊണ്ട് തന്നെ അവളുടെ മുന്നില്‍ പ്രണയം അവതരിപ്പിക്കാന്‍ സ്വയം തയ്യാറാവുക. കൂടുതല്‍ റൊമാന്റിക്കായി പ്രണയ പുഷ്പങ്ങളുമായി അല്ലെങ്കില്‍ പ്രണയം തുടിക്കുന്ന സമ്മാനങ്ങളുമായി അവളുടെ അരികില്‍ ചെല്ലുക.

പ്രണയം പറയേണ്ടത്

വെറുതെ പ്രണയം പറഞ്ഞ് പോകുകയല്ല വേണ്ടത്. അവളുടെ കണ്ണുകളില്‍ പ്രണയാര്‍ദ്രതയോടെ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. പറയുന്ന കാര്യങ്ങള്‍ സ്ഫുടതയോടെ പറയുക. അതിനിടെ വിറയ്ക്കുകയോ വിഴുങ്ങുകയോ ചെയ്യരുത്. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നല്ല കാര്യങ്ങളെ എടുത്ത് പറയുക. പറയുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറയാന്‍ ശ്രദ്ധിക്കണം. വെറുതെ സുഖിപ്പിക്കാന്‍ വേണ്ടിയാകരുത് ഒന്നും.

ഇനി എന്ത്?

അവളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നുവെന്ന കാര്യം അവളോട് തുറന്നു പറയുക. അവള്‍ക്ക് നിങ്ങളുടെ മനസ്സിലുള്ള സ്ഥാനം എത്രത്തോളമാണെന്നും വിവരിച്ചു കൊടുക്കുക. നേരത്തെ തന്നെ പരിചിതമാണെങ്കില്‍ അവളുടെ കൈകള്‍ ചേര്‍ത്തു പിടിക്കുക. അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടു തലോടിക്കൊണ്ട് സംസാരിക്കുക. വലിയ പ്രതീക്ഷയില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന് മുതിരരുത്. പണി കിട്ടാന്‍ ചാന്‍സുണ്ട്. അത് കൊണ്ട് ഉറപ്പുണ്ടെങ്കില്‍ മാത്രം ഇങ്ങനെ ചെയ്യുക.

ഇതൊക്കെ കഴിഞ്ഞാല്‍ നിങ്ങളുടെ മനസ്സിലുള്ള പ്രണയം അവള്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടാകണം. അതിനായി അവളോടെ 'ഞാനറിയാതെ നിന്നെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു' എന്നോ, 'നിന്നെ പ്രണയിക്കുന്നുവെന്ന സത്യം ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു' എന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി എന്റെ ജീവിതത്തില്‍ നീ ഉണ്ടാവണം' എന്നോ പറയുക.

എന്തായാലും പ്രണയം പറയുന്നത് നന്നേ പ്രണയാര്‍ദ്രമായിത്തന്നെ പറയുക. കൂടുതല്‍ അഭിനയമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കുക. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ പ്രണയം പറയാന്‍ ശ്രമിക്കരുത്.

നിങ്ങളുടെ പുഞ്ചിരി പോലും ചിലപ്പോള്‍ അവളില്‍ ഒരു പ്രണയം തോന്നിപ്പിക്കാന്‍ കാരണമായേക്കും. പ്രണയം ഉള്ളിലടക്കി വെക്കാതെ മനസ്സ് തുറന്ന് പറയുന്നതാണ് ഏറ്റവും നല്ലത്.

Back to Blog