Blog

പ്രണയിക്കും മുന്‍പറിയൂ, പത്ത് കാര്യങ്ങൾ



Thursday, 16th Apr, 2020

പ്രേമം അസാധാരണമായ ഒരനുഭൂതിയാണ്. അനുഭവിച്ചവർക്കേ അത് മനസ്സിലാവുകയുള്ളു. അധികപേരും അവരുടെ പ്രണയജീവിതത്തിൽ സംതൃപ്തരാണ്.എന്നാൽ ചുരുക്കം ചിലർ അങ്ങനെയല്ല. അടുപ്പം പ്രേമമായ് തീരുമെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നാണവരുടെ ചിന്ത. ഏതായാലും ഒരു വീണ്ടുവിചാരത്തിന് പഴുതില്ല. പകരം, പ്രേമിക്കുന്നതിന് മുമ്പെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞ് വെക്കുകയാണ് വേണ്ടത്.

സൌഹൃദമാണ് എല്ലാ ബന്ധങ്ങളുടെയും തുടക്കം. പ്രേമവും അങ്ങനെതന്നെ. അടുപ്പം പ്രണയമായ് മാറുന്നത് ഒട്ടും അപൂർവ്വമല്ല. അപ്പോൾ പിന്നെ ചെയ്യേണ്ടത് കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ കുറെകൂടി സെലക്ടീവ് ആകുക എന്നതാണ്. അല്പം ബുദ്ധിയോടെ ഇക്കാര്യം കൈകാര്യം ചെയ്താൽ പിന്നീട് ഖേദിക്കേണ്ടിവരില്ല.

ഒരു മതിഭ്രമത്തിന്റെ പുറത്താണ് പലപ്പോഴും ആളുകൾ പ്രണയിക്കുന്നത്. ഈ മതിഭ്രമമാണ് പ്രേമം എന്ന മൂഢവിചാരത്തിൽ കഴിയുന്നതാണ് അവർക്കിഷ്ടം. ഇത്തരം ബന്ധങ്ങളാണ് അല്പായുസ്സായി ഒടുങ്ങുന്നത്. പ്രണയവും ആസക്തിയും തമ്മിൽ വേർതിരിച്ചറിയാൻ അവർ ഒട്ടും മിനക്കെടാറുമില്ല.

പരസ്പര വിശ്വാസമാണ് ഏത് ബന്ധത്തിന്റെയും കാതൽ. പ്രേമത്തിന്റെ കാര്യത്തിൽ ഇത് വളരെ ശരിയാണെന്ന് നിസ്സംശയം പറയാം. ബന്ധം നിലനിന്ന് പോകാൻ അത് ഏറെ ആവശ്യമാണ്. കൂട്ടുകാരിയെ സംശയമുണ്ടെങ്കിൽ സാവകാശം സത്യാവസ്ഥ കണ്ടെത്തണം. കഥയറിയാതെ ഒരെടുത്ത്ചാട്ടത്തിന് മുതിർന്നാൽ ഒരുപക്ഷേ വേദനിപ്പിക്കുന്ന ഫലമാവും ഉണ്ടാവുക.


യാദൃശ്ചികമായാണ് പലപ്പോഴും പ്രേമം മുളപൊട്ടുന്നത്. എന്തെന്നില്ലാത്ത ഒരിഷ്ടം എന്നല്ലാതെ മുൻകൂട്ടി അറിയാനോ പറയാനോ കഴിയാറില്ല. എന്തും ചെയ്യാൻ സ്വാതന്ത്ര്യമുള്ള ചങ്ങാത്തമോ പെട്ടെന്നുള്ള മതിഭ്രമമോ അല്ല. മറിച്ച്, അതിനെക്കാളുമൊക്കെ മേലെയാണ് പ്രേമം എന്ന് പിന്നെപിന്നെ നിങ്ങൾക്ക് ബോധ്യമാവും. തകർക്കാനാവാത്ത ഒരു ഹൃദയബന്ധം നിങ്ങൾക്കിടയിൽ ഉണ്ടാവുകയും ചെയ്യും.

സൌഹൃദത്തിന് വേലിക്കെട്ടുകളും വിലക്കുകളുമില്ല. എന്തിനുമുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പ്രേമം അങ്ങനെയല്ല. പ്രേമിക്കുന്നതോടെ മറ്റൊരാളുടെ മനോവികാരങ്ങളെ നിങ്ങൾ കണക്കിലെടുക്കേണ്ടിവരുന്നു. കുറച്ചുകൂടി പരിചരണവും അടുപ്പവും കാണിക്കേണ്ടിവരും. അല്പം ഉത്തരവാദിത്തമുള്ള പണി തന്നെയാണിത്. ഇതിനൊന്നും കഴിയാത്തവർക്ക് പ്രേമം ഒരു ഭാരിച്ച കാര്യം തന്നെയാണ്.

പ്രേമത്തിന് ഇരുത്തം കൈവരുന്നത് രണ്ട് നാളുകൾ കൊണ്ടല്ല. മറ്റൊരാളുടെ കഴിവുകളും അഭിരുചികളും ഇഷ്ടപ്പെടാൻ കുറച്ച് സമയമെടുക്കും. കുറച്ച്കാലം ഒരുമിച്ച് കഴിയുമ്പോഴാണ് രണ്ട് വ്യക്തികൾ ചേർന്ന് ഒന്നാകുന്നത്.

വ്യക്തികൾക്കിടയിലെ ബന്ധത്തിന് കൂടുതൽ ആഴവും പരപ്പും കൈവരുമ്പോഴാണ് പ്രേമത്തിന് വളർച്ചയുണ്ടാകുന്നത്. കൂടുതൽ സമയവും അയാളുമൊത്ത് ചിലവഴിക്കാൻ നിങ്ങൾ തയ്യാറാകും. തീർച്ചയായും അഭിപ്രായ വ്യത്യാസങ്ങൾ ഈ അവസരങ്ങളിൽ ഉണ്ടായെന്ന് വരാം. അതും പ്രേമത്തിന്റെ ഭാഗമായ് കാണണം. പ്രതീക്ഷകളെയും പ്രേമസല്ലാപങ്ങളെയും കാണുന്നത് പോലെ തന്നെ.

സെക്സിനുള്ള എളുപ്പവഴിയായി പ്രേമത്തെ കരുതുന്നവരുണ്ട്. വാസ്തവത്തിൽ ചിന്തകളെയും പ്രവൃത്തികളെയും പ്രേമം നിർമ്മലമാക്കുകയാണ് ചെയ്യുന്നത്. അതിന്റെ ഭാഗമെന്നോണം ചിലപ്പോൾ സെക്സ് വേണ്ടിവന്നേക്കാം എന്ന് മാത്രം.

കൂട്ടുകാരെന്ന നിലയിൽ നിങ്ങൾ ചങ്ങാതിയോടൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യാതിരിക്കുകയോ ആവാം. പക്ഷേ, പ്രേമിക്കുന്നവർ കൂടെകഴിയാൻ സമയം ഉണ്ടാക്കുക തന്നെ വേണം. അടുപ്പം കൂടുതൽ ഉറച്ചതാകാൻ അത് ആവശ്യമാണ്. ഒരുമയോടെ ചിലവഴിക്കുന്ന സമയം വ്യക്തികൾക്കിടയിൽ സ്നേഹവും അടുപ്പവും അനുഭൂതികളും ഉണ്ടാവാൻ കാരണമാകും. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനസ്സിന്റെ ആഗ്രഹം അപ്പോഴാണ് പൂർണ്ണമാകുന്നത്.

മധുരിക്കുന്ന അനുഭൂതികളോടൊപ്പം വേദനിക്കുന്ന അനുഭവങ്ങളും പ്രണയത്തിന്റെ ഭാഗമാണ്. അതിനെ അഭിമുഖീകരിക്കാൻ തയ്യാറാവണം. യഥാർത്ഥമായ സ്നേഹമുണ്ടെങ്കിലേ വേദനകളെയും പരുക്കൻ സാഹചര്യങ്ങളെയും തരണം ചെയ്യാൻ കഴിയൂ. ഏതവസരത്തിലും നിങ്ങളുടെ പങ്കാളി തോളോട് തോൾ ചേർന്ന് നിങ്ങളോടൊപ്പം ഉണ്ടാകും. അഥവാ അയാൾ അതിന് മുതിരുന്നില്ലെങ്കിൽ കാര്യങ്ങൾ വഷളാവാത്ത രീതിയിൽ രമ്യമായ് പരിഹരിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്.

Back to Blog