Blog

പ്രേമം പ്രകടിപ്പിക്കാൻ വരുന്നു പുതിയ ആപ്പുകള്‍



Thursday, 16th Apr, 2020

റോഡിലൂടെ സുന്ദരിയായ യുവതി നടന്നു പോവുകയാണ്. നിങ്ങള്‍ക്ക് അവരോടു പ്രേമം പ്രകടിപ്പിക്കണം. പക്ഷേ, ആള്‍ക്ക് ഇപ്പോള്‍ നിലവില്‍ വല്ല റിലേഷനും ഉണ്ടോ എന്നറിയില്ല. എന്തു ചെയ്യും? നേരെ മുന്നില്‍ ചെല്ലുക. മൊബൈല്‍ഫോണ്‍ അവര്‍ക്ക് നേരെ നീട്ടുക. സിംഗിളാണോ അല്ലേ എന്നൊക്കെ മൊബൈല്‍ പറഞ്ഞു തരും!

എത്ര മനോഹരമായ ആചാരങ്ങള്‍, അല്ലേ! ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യമാണ് ഇത്. പറയുന്നത് ഡേറ്റിംഗ് ആപ്ലിക്കേഷനായ 'ടിന്‍ഡര്‍' സിഇഒ സീന്‍ റാഡ്. പോക്കിമോന്‍ ഗോ ഗെയിം പോലെ തൊട്ടടുത്ത തെരുവിലൂടെ നടന്നു പോകുന്ന 'സിംഗിള്‍സി'നെ കണ്ടെത്താന്‍ ആപ്പ് ഉപയോഗിക്കാൻ കഴിയുന്ന കാലം എത്തിയെന്നാണു അദ്ദേഹം പറഞ്ഞത്. കലിഫോര്‍ണിയയില്‍ ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സീന്‍ റാഡ്.

വിദ്യാർഥികളിൽ നിന്നാണ് അദേഹത്തിന് ഇങ്ങനെയൊരു ആശയം കളഞ്ഞു കിട്ടിയത്. ചുവപ്പ്, പച്ച എന്നിങ്ങനെയുള്ള നിറങ്ങള്‍ ഉപയോഗിച്ച് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കുന്ന രീതിയാണ് ഇതില്‍. ചുവന്ന നിറം ധരിച്ച ആള്‍ നിലവില്‍ ഒരു ബന്ധത്തില്‍ ആണ് എന്നാണു അര്‍ഥം. പച്ചയും ഓറഞ്ചും നിറം ധരിക്കുന്നവരാകട്ടെ പുതിയ ബന്ധങ്ങള്‍ സ്വാഗതം ചെയ്യുന്നവരാണ്.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ആപ്പ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. റോഡിലൂടെ ചുമ്മാ നടന്നു പോകുന്നവർക്ക് നമ്മുടെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് വ്യക്തമാക്കുന്ന സിഗ്‌നലുകള്‍ അയക്കാം. അങ്ങനെ സംസാരിക്കാതെ തന്നെ ആശയവിനിമയം നടത്താം.

ഡേറ്റിംഗില്‍ ഈ പുതിയ മാര്‍ഗം ഏറെ ഉപകാരപ്രദമാവും എന്നാണ് കലിഫോര്‍ണിയയില്‍ നടന്ന സ്റ്റാട്ടപ്പ് ഗ്രിന്റ് ഗ്ലോബൽ കോൺഫറൻസിൽ വച്ച് അദ്ദേഹം പറഞ്ഞത്.

Back to Blog