Blog

വിശുദ്ധ ബൈബിളിയിലെ യാക്കോബിന്റെയും റാഹേലിന്റെയും കാത്തിരിപ്പിന്റെ പ്രണയം



Thursday, 9th Apr, 2020

ജ്യേഷ്ഠനായ ഏശാവുമായിട്ടൂള്ള പ്രശ്നങ്ങളെ തുടർന്ന് യാക്കോബ് നാടുവിട്ട് പദ്ദൻ-ആരാമിലേക്ക്, തന്റെ അമ്മയായ റിബെക്കയുടെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് പോയി. അവിടെ ചെന്ന് വഴി അറിയാതെ നിൽക്കുമ്പോഴാണ് വയലിലെ കിണറ്റിനരുകരിൽ ആട്ടിടയന്മാരെ കണ്ടത്. യാക്കോബ് അവരോട് ലാബാനെക്കുറിച്ച് അന്വേഷിച്ചു. ലാബാന്റെ മകളായ റാഹേൽ ആടുകളെ മേയ്ച്ചുകൊണ്ട് കിണറ്റരികിലേക്ക് വരുന്നുണ്ടന്ന് ആട്ടിടയന്മാർ യാക്കോബിനോട് പറഞ്ഞു. വയലിലെ കിണർ വലിയ ഒരു കല്ലുകൊണ്ട് അടച്ചിരിക്കൂകയായിരുന്നു. അവിടെ ആടിനെമേയ്ക്കുന്നവർ എത്തി ഒരുമിച്ച് കല്ലുമാറ്റിയായിരിക്കണം ആടുകൾക്ക് വെള്ളം കോരി നൽകിയിരുന്നത്. റാഹേൽ ആടുകളുമായി എത്തിയപ്പോൾ യാക്കോബ് കിണറിന്റെ കല്ല് ഉരുട്ടിമാറ്റി ലാബാന്റെ ആടുകൾക്ക് വെള്ളം നൽകി.

താൻ ആരാണന്ന് യാക്കോബ് റാഹേലിനോട് പറഞ്ഞു. റാഹേൽ ലാബാന്റെ അടൂക്കൽ ചെന്ന് യാക്കോബിനെക്കുറിച്ച് പറഞ്ഞു. ലാബാൻ വന്ന് യാക്കൊബിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഒരുമാസം യാക്കോബ് ലാബാന്റെ വീട്ടിൽ കഴിഞ്ഞു. അതു കഴിഞ്ഞപ്പോൾ ലാബാൻ തന്നെ യാക്കോബിനോട് പറഞ്ഞു , "നീ പ്രതിഫലം ഒന്നും വാങ്ങാതെ ഇവിടിത്തെ കാര്യങ്ങൾ എല്ലാം നടത്തുന്നുണ്ട്. നീ ചെയ്യുന്ന കാര്യങ്ങൾക്ക് ഞാൻ എന്ത് പ്രതിഫലമാണ് തരേണ്ടത് എന്ന് പറയുക". യാക്കോബിന് കൂടുതലോന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ലാബാന്റെ ഇളയമകളായ റാഹേലിനെ ഭാര്യയായി നൽകാൻ തയ്യാറാണങ്കിൽ ഏഴുവർഷം ലാബാന്റെ വീട്ടിൽ കാര്യങ്ങളൊക്കെ നോക്കി നിൽക്കാം എന്ന് യാക്കോബ് ലാബാനോട് പറഞ്ഞു. ലാബാൻ അത് സമ്മതിച്ചു.

ലാബാന് രണ്ട് പെണ്മക്കളായിരുന്നു. മൂത്തവൾ ലേയ ഇളയവൾ റാഹേൽ. ലേയെക്കാൾ സുന്ദരിയായിരുന്നു റാഹേൽ. ലേയയുടെ കണ്ണുകൾക്ക് തിളക്കം കുറവായിരുന്നു എങ്കിൽ റാഹേലിന്റെ കണ്ണുകൾക്ക് തിളക്കമേറെയായിരുന്നു. റാഹേലിനെ ആദ്യമായി കിണറ്റരികിൽ വെച്ച് കണ്ടപ്പോഴേ യാക്കോബിന് അവളോട് അനുരാഗം തോന്നിത്തുടങ്ങിയിരുന്നു. പിന്നീട് ഒരുമാസം ലാബാന്റെ വീട്ടിൽ താമസിച്ചപ്പോൾ , ലേയയോടും റാഹേലിനോടും ഒപ്പം ആടൂകളെ മേയ്ക്കാൻ പോകുമ്പോഴും യാക്കോബിന് റാഹേലിനോട് പ്രണയം തുടങ്ങിയിരുന്നു. റാഹേലിനെ തന്നെ ഭാര്യയായി ഒപ്പം കൂട്ടണമെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെയാണ് ലാബാൻ പ്രതിഫലം ചോദിച്ചപ്പോൾ റാഹേലിനായി ഏഴുവർഷം ലാബാനെ സേവിക്കാൻ യാക്കോബ് തയ്യാറായത് ഏഴുവർഷത്തെ പ്രണയകാലം.

സേവനത്തിന്റെ ഏഴുവർഷം പൂർത്തിയാകുമ്പോൾ യാക്കോബ് ലാബാനോട് തനിക്ക് ഭാര്യയായി റാഹേലിനെ നൽകാൻ ആവശ്യപ്പെട്ടു. എതിർപ്പൊന്നും പറയാതെ ലാബാൻ വിവാഹം നടത്തി. വിവാഹം കഴിഞ്ഞ് പിറ്റേന്നാണ് ലാബാന്റെ ചതി യാക്കോബ് മനസിലാക്കൈയത്. തനിക്ക് വിവാഹം ചെയ്ത് തന്നിരിക്കുന്നത് റാഹേലിനു പകരം ലേയയെയാണ്. യാക്കോബ് ലാബാന്റെ അടൂക്കൽ ചെന്നു. റാഹേലിനുവേണ്ടി ലാവാനെ സേവിച്ചിട്ട് എന്തിന് ലേയയെ നൽകി ചതിച്ചതെന്ന് ചോദിച്ചപ്പോൾ ലാബാന് പറയാൻ ഒരു മറുപടി ഉണ്ടായിരുന്നു. മൂത്തവളുടെ വിവാഹം കഴിയാതെ ഇളയവളുടെ വിവാഹം നടത്തുന്ന പതിവ് ഇല്ലാത്തതുകൊണ്ടാണ് താൻ യാക്കോബിന് ലേയയെ വിവാഹം ചെയ്ത് നൽകിയതന്ന് ലാബാൻ പറഞ്ഞു. വീണ്ടും ഏഴുവർഷം ലാബാനെ സേവിക്കാൻ സമ്മതിച്ചാൽ , ഒരാഴ്ച കഴിഞ്ഞ് റാഹേലിനെ ഭാര്യയായി നൽകാം എന്ന് ലാബാൻ യാക്കോബിനോട് സത്യം ചെയ്ത്. തന്റെ പ്രണയിനിയെ വെറുതെയങ്ങ് ഉപേക്ഷിച്ച് പോകാൻ യാക്കോബ് തയ്യാറല്ലായിരുന്നു. ലാബാന്റെ ഉടമ്പടി സമ്മതിച്ച യാക്കോബിന് ഒരാഴ്ച കഴിഞ്ഞപ്പോൾ റാഹേലിനെയും വിവാഹം ചെയ്ത് നൽകി.

അങ്ങനെ റാഹേലിനുവേണ്ടി പതിന്നാലുവർഷമാണ് യാക്കോബ് തന്റെ അമ്മായിയപ്പനായ ലാബാനെ സേവിച്ചത്. യാക്കോബ് റാഹേലിനെയാണ് കൂടുതൽ സ്നേഹിച്ചതെങ്കിലും ലേയയും റാഹേലും യാക്കോബിനെ മത്സരിച്ച് സ്നേഹിച്ചു. അവരുടെ മത്സരംകൊണ്ട് റാഹേലിന്റെ ദാസി ബിൽഹയെയും ലേയയുടെ ദാസി സില്പയെയും കൂടി യാക്കോബിന് വിവാഹം കഴിക്കേണ്ടി വന്നു എന്നുള്ളത് യാക്കോബ്-റാഹേൽ പ്രണയത്തിന്റെ ബാക്കിപത്രമാണ്.പന്ത്രണ്ട് ഗോത്രപിതാക്കന്മാരുടെ ചരിത്രവും അവിടെ നിന്ന് തുടങ്ങുന്നു.

Back to Blog